thrissur local

ചാലക്കുടി നഗരത്തിലെ മാലിന്യപ്രശ്‌നം: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റം

ചാലക്കുടി:  നഗരത്തിലെ മാലിന്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിഷയം കൗണ്‍സില്‍ യോഗത്തില്‍ ചൂടുള്ള ചര്‍ച്ചക്ക് കാരണമായി. മഴക്കാലത്തിന് മുമ്പുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നാരോപിച്ച് പ്രതിപക്ഷത്തെ ഷിബു വാലപ്പനാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്. ഇത് സംബന്ധിച്ച് നടന്ന ചര്‍ച്ച വന്‍ വാക്കേറ്റത്തിനും ബഹളത്തിനും വഴിതെളിച്ചു.
മഴക്കാലം ആരംഭിച്ചതിന് ശേഷമാണ് മഴക്കാല ശുചീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും കൗണ്‍സില്‍ ചേര്‍ന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. മഴക്കാല ശുചീകരണ പ്രവര്‍ത്തികള്‍ നടപ്പിലാക്കാന്‍ ആവശ്യമായ താല്‍കാലിക ജീവനക്കാരെ പോലും നിയമിച്ചിട്ടില്ലെന്നും നഗരം ചീഞ്ഞ് നാറുകയാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ സഭയെ അറിയിച്ചു. ടൗണിലെ പ്രധാന കാനകളും തോടുകളും ശുചീകരിക്കാത്തിതിനെ തുടര്‍ന്ന് ശോചനീയമാണ്. വെള്ളിയാഴ്ച സ്‌കൂളുകള്‍ തുറക്കാനിരിക്കെ നഗരസഭയുടെ കീഴിലുള്ള സ്‌കൂളുകളില്‍ പോലും ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയിട്ടില്ല. വിആര്‍ പുരം ഗവ. ഹൈസ്‌കൂള്‍, ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, ഗവ. ഗേള്‍സ് ഈസ്റ്റ് ഹൈസ്‌കൂള്‍ എന്നീ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാരംഭത്തിന് മുമ്പായി നടത്തേണ്ടതായ ഒരു ശുചീകരണ പ്രവര്‍ത്തികളും നടത്തിയിട്ടില്ല. ശുചീകരണം  നടത്താനായി ചുതമലപ്പെടുത്തിയിട്ടുള്ള ജീവനക്കാര്‍ നേര്‍ത്തെ പണിയവസാനിപ്പിച്ച് പോകുന്നതായി ഭരണപക്ഷത്തെ വി ജെ ജോജി ഉന്നയിച്ചു. ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കേണ്ട എച്ച്‌ഐമാര്‍ ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോടതി ജംഗ്ഷനിലെ അടിപ്പാത നിര്‍മാണം സ്തംഭിച്ചിരിക്കുകയാണെന്നും സര്‍വ്വീസ് റോഡും ദേശീയപാതയുടെ ഒരു വരിയും തടസ്സപ്പെടുത്തി നിര്‍മിച്ചിട്ടുള്ള വന്‍ ഗര്‍ത്തം അപകടങ്ങള്‍ക്ക് കാരണമാകുമെന്നും പ്രതിപക്ഷ നേതാവ് വി ഒ പൈലപ്പന്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യം ബി ഡി ദേവസ്സി എംഎല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെന്നും മന്ത്രി എന്‍എച്ച്എഐ ബന്ധപ്പെടുകയും രണ്ടാഴ്ചക്കുള്ളില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുമെന്ന് ഉറപ്പ് നല്‍കിയതായും ചെയര്‍പേഴ്‌സണ്‍ അറിയച്ചു. മാര്‍ച്ച് മാസത്തില്‍ നഗരസഭ കാര്‍ വാടകക്കെടുത്ത ഇനത്തില്‍ 91000രൂപ നല്‍കുന്നത് സംബന്ധിച്ച അജണ്ടയും ചൂടുള്ള ചര്‍ച്ചക്ക് കാരണമായി.
ഒരുമാസത്തെ വാടകയായി ഇത്രയും വലിയ തുക നല്‍കുന്നതില്‍ എതിര്‍പ്പുമായി കെ വി പോള്‍ രംഗത്തെത്തി. എന്നാല്‍ മാര്‍ച്ച് മാസം എഞ്ചിനിയറിംഗ് വിഭാഗത്തിലെ ഭൂരിഭാഗം ജീവനക്കാരും രാത്രിവരെ ഓഫിസില്‍ ജോലി നോക്കു—യായിരുന്നുവെന്നും രാത്രിയില്‍ ഇവരെ വീട്ടില്‍ കെണ്ടാക്കിയതടക്കമുള്ള വാടകയാണിതെന്നും വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍ അറിയച്ചതോടെ പ്രശ്‌നത്തിന് അയവ് വന്നു. പിഎംആര്‍വൈ പദ്ധതി പ്രകാരം വീട് നിര്‍മിക്കുന്നവര്‍ക്കുള്ള സഹായം നാല് ലക്ഷം രൂപയാക്കണമെന്ന് ഭൂഭാഗം കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടു. ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പി എം ശ്രീധരന്‍, യു വി മാര്‍ട്ടിന്‍, ബിജു ചിറയത്ത്, ആലീസ് ഷിബു, മേരി നളന്‍സംസാരിച്ചു.
Next Story

RELATED STORIES

Share it