Flash News

ചാംപ്യന്‍സ് ട്രോഫി : 8 വിക്കറ്റ് ജയം; പാകിസ്താന്‍ ഫൈനലില്‍



കാര്‍ഡിഫ്: മഴ മാറി നിന്ന ഇംഗ്ലണ്ടിലെ കാര്‍ഡിഫ് പുല്‍മൈതാനത്ത് ഇംഗ്ലണ്ടിന്റെ കണ്ണീര്‍ മഴ. ചാംപ്യന്‍സ് ട്രോഫിയിലെ ആവേശ സെമി പോരാട്ടത്തില്‍  ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ എട്ട് വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍ ആദ്യമായി ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലിലേക്ക് ടിക്കറ്റെടുത്തു. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെ സെമി ഫൈനലില്‍ കടന്ന ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര പാകിസ്താന്റെ പേസ് ബൗളിങിന് മുന്നില്‍ നിഷ്പ്രഭമാകുന്ന കാഴ്ചയാണ് കാര്‍ഡിഫില്‍ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറില്‍ 211 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടി ബാറ്റിങില്‍ പാകിസ്താന്‍ 37.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് നേടി വിജയം കൈപ്പിടിയിലൊതുക്കി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹസന്‍ അലിയുടെ ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ജുനൈദ് ഖാനും റുമാന്‍ റയീസും രണ്ട് വിക്കറ്റുകളും വീഴ്ത്തി മികച്ച് നിന്നു. ജോയ് റൂട്ടാണ്(46) ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. പാകിസ്താന് വേണ്ടി അസര്‍ അലി(76), ഫഖര്‍ സമാന്‍ (57) അര്‍ധ സെഞ്ച്വറി നേടി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പിഴച്ചു. ഓപണര്‍ അലക്‌സ് ഹെയ്ല്‍സ്(13) തുടക്കത്തിലേ തന്നെ മടങ്ങിയെങ്കിലും ജോണി ബെയര്‍സ്‌റ്റോവും (43) ജോസ് റൂട്ടും(46) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 94 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കി. എന്നാല്‍ മധ്യനിരയിലെ ബാറ്റിങ് തകര്‍ച്ച ഇംഗ്ലണ്ടിന് തിരിച്ചടിയായി. രണ്ടാമനായി ബെയര്‍സേ്റ്റാ മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ചയും തുടങ്ങി. മികച്ച രീതിയില്‍ ബാറ്റുവീശിയ ഓയിന്‍ മോര്‍ഗന്‍(33) ഹസന്‍ അലിക്ക് മുന്നില്‍ വീണു. തൊട്ടുപിന്നാലെ തന്നെ ജോസ് ബട്‌ലറും(4) മോയിന്‍ അലിയും മടങ്ങിയതോടെ(11) ഇംഗ്ലണ്ടിന്റെ സ്‌കോര്‍ബോര്‍ഡ് 211 എന്ന ചെറിയ സ്‌കോറില്‍ അവസാനിച്ചു. 10 ഓവറില്‍ വെറും 35 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ഹസന്‍ അലി മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.212 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ പാകിസ്താന് സ്വപ്‌നതുല്യമായ തുടക്കം തന്നെ ലഭിച്ചു. അസര്‍ അലിയും(76) ഫഖര്‍ സമാനും (57) ഒന്നാം വിക്കറ്റില്‍ 118 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ പാകിസ്താന്‍ അനായാസം വിജയ ലക്ഷ്യത്തിലേക്കടുത്തു. 58 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സറും സഹിതം 57 റണ്‍സെടുത്ത ഫഖര്‍ സമാനെ ആദില്‍ റഷീദ് മടക്കിയെങ്കിലും രണ്ടാമനായി ഇറങ്ങിയ ബാബര്‍ അസാമും(38*) താളം കണ്ടെത്തിയതോടെ പാകിസ്താന്‍ അനായാസം വിജയ ലക്ഷ്യം മറികടന്നു. അസര്‍ അലിയെ ജേക്ക് ബോള്‍ പുറത്താക്കിയെങ്കിലും 21 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും സഹിതം 31 റണ്‍സെടുത്ത മുഹമ്മദ് ഹഫീസ് പാകിസ്താന്റെ ജയം വേഗത്തിലാക്കി. ഹസന്‍ അലിയാണ് കളിയിലെ താരം.
Next Story

RELATED STORIES

Share it