ചാംപ്യന്‍മാര്‍ക്ക് തൊട്ടടുത്ത ലോകകപ്പ് ശനിദശയോ?

മെക്‌സിക്കോ: റഷ്യന്‍ ലോകകപ്പിന്റെ തുടക്കം മുതല്‍ ചെറിയ ടീമുകളുടെ കരുത്ത് വമ്പന്‍മാരെ ഞെട്ടിക്കുന്നത് പലതവണ ഫുട്‌ബോള്‍ ലോകം കണ്ടു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനി. പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ ജര്‍മനിക്ക് ജയം അനിവാര്യമായ മല്‍സരത്തില്‍ ദക്ഷിണകൊറിയയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍വി വഴങ്ങി ടീം റഷ്യയില്‍ നിന്ന് മടക്ക ടിക്കറ്റ് വാങ്ങിയപ്പോള്‍ ആവര്‍ത്തിക്കപ്പെട്ടത് മറ്റൊരു ചരിത്രംകൂടിയാണ്. കിരീടം നേടിയ ടീം അടുത്ത ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകും എന്ന ചരിത്രം.
1998ല്‍ കിരീടം നേടിയ ഫ്രാന്‍സ് 2002ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്തുപോയി. 2006ല്‍ കിരീടം നേടിയ ഇറ്റലി 2010ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തുപോയി. 2010ല്‍ ചാംപ്യന്‍മാരായ സ്‌പെയിനും 2014 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല. ഇതേ ചരിത്രം ആവര്‍ത്തിച്ച് 2014ലെ ചാംപ്യന്‍മാരായ ജര്‍മനിയും ഇതാ ഗ്രൂപ്പ് ഘട്ടം കാണാതെ പുറത്തുപോയിരിക്കുന്നു.
1938ലെ ലോകചാംപ്യന്‍മാരായിരുന്ന ഇറ്റലി പക്ഷേ 1950ലാണ് ആദ്യ റൗണ്ടില്‍ പുറത്തായത്. 1962ലെ ലോകചാംപ്യന്‍മാരായിരുന്ന ബ്രസീല്‍ തൊട്ടടുത്ത ലോകകപ്പായ 1966ല്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.
ലോകകിരീടം നേടിയതിന്റെ വമ്പുമായെത്തുന്ന ടീമുകള്‍ക്ക് തൊട്ടടുത്ത ലോകകപ്പ് ശനിദശയാണ് സമ്മാനിക്കുന്നതെന്നതിന് റഷ്യയും സാക്ഷിയായി.
Next Story

RELATED STORIES

Share it