Middlepiece

ചലച്ചിത്ര അവാര്‍ഡുകള്‍ എന്ന ഓഹരിവയ്ക്കല്‍

ചലച്ചിത്ര അവാര്‍ഡുകള്‍ എന്ന ഓഹരിവയ്ക്കല്‍
X
slug-vettum-thiruthumകലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ക്ക് അവാര്‍ഡ് എന്ന സര്‍ക്കാര്‍ സോദ്ദേശ്യ പരിപാടിക്ക് സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം തന്നെ സമൃദ്ധമായൊരു ചരിത്രമുണ്ട്. പണ്ഡിറ്റ് നെഹ്‌റു നേരിട്ട് ചില അവാര്‍ഡുകളില്‍ ഇടപെടല്‍ നടത്തിയതിനും രേഖകളുണ്ട്. ഭരണകര്‍ത്താക്കള്‍ തങ്ങളുടെ ഇഷ്ടക്കാര്‍ക്കു മാത്രമായി നല്‍കുന്ന 'ഒരുതരം ഇടപാടായിട്ടാണ്' മാന്യതയും അന്തസ്സുമുള്ള സിനിമാ കലാകാരന്മാര്‍ അവാര്‍ഡുകളെയും ആ രംഗത്തുള്ള മറ്റു നിരവധി ബഹുമതികളെയും വീക്ഷിക്കുന്നത്. ഋത്വിക് ഘട്ടക്കിനെ പോലെ സവിശേഷ ജീനിയസ് ജീവിച്ചിരിക്കെ ബോംബെ ചലച്ചിത്രലോകത്തെ കോമാളികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി നാണംകെട്ട് ശിരസ്സു കുനിച്ചിട്ടുണ്ട് അപമാനഭാരത്താല്‍ സര്‍ക്കാര്‍ സംവിധാനം. ദക്ഷിണേന്ത്യയില്‍ മൊത്തത്തിലും ഇങ്ങ് കേരളത്തിലും ചലച്ചിത്ര അവാര്‍ഡുകള്‍ എന്ന 'വീതംവയ്പ്' കാലാകാലങ്ങളില്‍ സൃഷ്ടിച്ചിട്ടുള്ള കോലാഹലങ്ങള്‍ ചില്ലറയല്ല. മെരിലാന്‍ഡ് സ്റ്റുഡിയോ, പി സുബ്രഹ്മണ്യം എന്ന സംവിധായക മുതലാളി 'കുമാരസംഭവം' (കാളിദാസ മഹാകവിയുടെ ഇതിഹാസ കൃതി) സിനിമ കലാമൂല്യം എന്നത് ലവലേശമില്ലാതെ പടച്ചിറക്കിയപ്പോള്‍ ആ 'സംഭവ'ത്തിന് അവാര്‍ഡ് നല്‍കി നാണംകെട്ടവരാണ് കേരളത്തിലെ ജനാധിപത്യ സര്‍ക്കാരുകളിലൊന്ന്. കൈലാസത്തില്‍ ഐസ്‌ക്രീം കപ്പുകളും ചോക്കലേറ്റ് കവറുകളും നിരന്നുകിടക്കുന്നത് സൂക്ഷ്മദൃക്കുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'നടീനടന്മാര്‍ക്ക് തിന്നാന്‍ കൊണ്ടുവന്നതാണെന്നും കവറും കപ്പും തിന്നാന്‍ പറ്റുമോ' എന്നും ചോദിച്ച ചലച്ചിത്ര പ്രതിഭകളായിരുന്നു അക്കാലം മെരിലാന്‍ഡില്‍ സുബ്രഹ്മണ്യം മുതലാളിക്ക് കുടപിടിച്ചിരുന്നവര്‍. 'സീത' സിനിമയില്‍ ടാറിട്ട റോഡുണ്ടായിരുന്ന പഴയ സിനിമക്കാലം.
കാലം പോയി. മലയാള സിനിമ ലോകതലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. അരവിന്ദനും പത്മരാജനും ഷാജി എന്‍ കരുണും കെ ജി ജോര്‍ജുമൊക്കെ അടങ്ങുന്ന മലയാള സിനിമ പ്രതിഭാവിലാസം ഒന്നുകൊണ്ടുമാത്രം വിദേശ മേളകളില്‍ വമ്പന്‍ ബഹുമതികള്‍ കരസ്ഥമാക്കി. സവര്‍ണ മേല്‍ക്കോയ്മകള്‍ കാഴ്ചകളാക്കിയും കേരളീയ ദൃശ്യങ്ങളുടെ ചമയങ്ങള്‍ അലുക്കിട്ട സീനുകള്‍ അളന്നുമുറിച്ച ഷോട്ടുകളാക്കിയും വിദേശത്ത് ശ്രദ്ധേയനായ അടൂര്‍ ഗോപാലകൃഷ്ണനെയും വിസ്മരിക്കവയ്യ.
ഇന്നിപ്പോള്‍ അവാര്‍ഡുകളെന്നാല്‍ 'കാശു'കൊടുത്തു വാങ്ങാവുന്ന ഒരിനമായി തരംതാണു. പ്രശസ്ത സംഗീത സംവിധായകന്‍ രമേശ് നാരായണന്റേതായി ഇപ്പോള്‍ വരുന്ന ചില പ്രസ്താവനകളും അദ്ദേഹം ആരെയൊക്കെ 'പാട്ടിലാക്കി'യാണ് അവാര്‍ഡ് വാങ്ങിയതെന്നും വാങ്ങിക്കൊടുത്തതെന്നും അടക്കം അണിയറയില്‍ കുശുകുശുപ്പുകള്‍ പലതാണ്.
ജൂറി ചെയര്‍മാന്‍ മോഹന്‍ അവര്‍കളുടെ പ്രസ്താവങ്ങള്‍ കൂട്ടിവായിച്ചാല്‍ അദ്ദേഹം ആര്‍ക്കൊക്കയോ 'വഴങ്ങി' എന്നും വരികള്‍ക്കിടയില്‍ വായിക്കാം. ജനപ്രീതിയാര്‍ജിച്ച സിനിമയുടെ അന്ത്യസീനുകള്‍ തൃപ്തികരമല്ലെന്ന് ഒരിടത്തു പറയുമ്പോള്‍ 2015ല്‍ ഏറെ ജനപ്രിയമായ 'പ്രേമം' എന്തുകൊണ്ട് പുരസ്‌കാര പട്ടികയില്‍ വന്നില്ല എന്നതിനു നിരത്തുന്ന ന്യായം അവിശ്വസനീയം. 'പ്രേമ'ത്തിന്റെ ആദ്യ ഭാഗങ്ങള്‍ ഒട്ടും തൃപ്തികരമല്ലെന്നാണ് മോഹന്റെ വിലയിരുത്തല്‍. നിരവധി നല്ല സിനിമകളും മഹാ പടക്കങ്ങളും സൃഷ്ടിച്ച ഒരു കമേഴ്‌സ്യല്‍ സംവിധായകനാണ് മോഹന്‍ എന്ന ഈ ജൂറി ചെയര്‍മാന്‍.
ആര്‍ എസ് വിമല്‍ എന്ന ചെറുസംവിധായകന്‍ എന്തുകൊണ്ട് അവാര്‍ഡ് ലിസ്റ്റില്‍ വന്നില്ലായെന്നതിനും മോഹന് ന്യായങ്ങളുണ്ട്. വിമലിന്റെ സിനിമയുടെ അന്ത്യരംഗങ്ങളില്‍ അമച്വറിസം പ്രകടമായി എന്നാണ് മോഹന്റെ വിലയിരുത്തല്‍. അമച്വറിസത്തിന് ഏഴോ എട്ടോ അവാര്‍ഡുകളും!
'ഒഴിവു ദിവസത്തെ കളി' എന്ന മികച്ച സിനിമ- മോഹന്റെ നേതൃത്വത്തില്‍ ജൂറിയുടെ നിഗമനത്തില്‍- അത്ര മഹത്തരമൊന്നുമല്ലെന്നും 'ചാര്‍ലി' സിനിമയും അതിലെ അഭിനേതാവായ ദുല്‍ഖര്‍ സല്‍മാനും അവാര്‍ഡ് നേടിയതിനു പിന്നില്‍ ചില 'ഒത്തുതീര്‍പ്പു'കളുണ്ടെന്നും അണിയറയില്‍ വര്‍ത്തമാനങ്ങളുണ്ട്. കിട്ടാത്തവരുടെ കൊതിക്കെറുവുകള്‍ വെട്ടിക്കിഴിച്ചാലും ചലച്ചിത്രരംഗത്തെ ചില സുഹൃത്തുക്കള്‍ പറഞ്ഞവിവരം വച്ചു നോക്കുമ്പോള്‍ ഇത്തവണത്തെ ജൂറി ചെയര്‍മാന്‍ സത്യസന്ധമായല്ല കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്ന് ഉറപ്പ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെപ്പോലൊരു നാക്കുപിഴക്കാരന്‍ മന്ത്രി തലപ്പത്തിരിക്കുമ്പോള്‍ മോഹനെ കുറ്റം പറഞ്ഞുകൂടാത്തതാണ്. കാരണം, നൂറ്റുക്കുനൂറും 'വീതംവയ്പ്' തന്നെ ആയിരുന്നു ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡുകള്‍.

*** *** ***

ഉദയാ സ്റ്റുഡിയോയുടെ 'കോഴി' വീണ്ടും കൂകി ഉണര്‍ത്താന്‍ തുടങ്ങുന്നുവത്രെ. പക്ഷേ, പുതിയ കോഴി ബ്രോയിലറോ ലഗോണോ എന്നതേ അറിയേണ്ട തുള്ളൂ.
Next Story

RELATED STORIES

Share it