ചര്‍ച്ച് ആക്റ്റ് പ്രചാരകന്‍ ജോസഫ് വര്‍ഗീസിന് നേരെ വീണ്ടും ആക്രമണം

കൊച്ചി: ചര്‍ച്ച് ആക്റ്റ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണ പരിപാടികള്‍ നടത്തുന്ന പ്രഫ. ജോസഫ് വര്‍ഗീസിന് നേരെ വീണ്ടും ആക്രമണം. ഇടപ്പള്ളി പള്ളിയുടെ മുമ്പില്‍ ഇന്നലെയായിരുന്നു സംഭവം.
ജന്മദിനം പ്രമാണിച്ച് മധുരപലഹാരങ്ങളുമായി പള്ളിയുടെ മുന്നിലെത്തി ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മുഖത്തും വയറിനും പരിക്കേറ്റ ജോസഫ് വര്‍ഗീസിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചര്‍ച്ച് ആക്റ്റ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ലഘുലേഖ പള്ളികളില്‍ വിതരണം ചെയ്യുന്നതിനിടെ നേരത്തെ പലതവണയും ജോസഫിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. ചര്‍ച്ച് ആക്റ്റിന്റെ സന്ദേശം വ്യക്തമാക്കുന്ന ടീ ഷര്‍ട്ടും ധരിച്ചിരുന്നു. ആദ്യം രണ്ടുപേരാണ് ആക്രമണം നടത്തിയത്. കൈയില്‍ കരുതിയ ലഘുലേഖ തട്ടിപ്പറിക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പള്ളിക്കുള്ളില്‍ നിന്ന് കൂട്ടമായെത്തിയ കുറച്ച് പേര്‍ ലഘുലേഖ തട്ടിപ്പറിച്ച് തന്നെ അടിച്ചുവീഴ്ത്തുകയായിരുന്നുവെന്നു ജോസഫ് പറഞ്ഞു. പിടിച്ചെടുത്ത ലഘുലേഖയുമായി ഇവര്‍ പള്ളിക്കുള്ളിലേക്ക് പോവുകയും ചെയ്തു. ആക്രമണ ദൃശ്യങ്ങള്‍ പള്ളിക്ക് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും ഇതു പരിശോധിച്ചാല്‍ പ്രതികളെ പിടികൂടാനാവുമെന്നും ജോസഫ് വര്‍ഗീസിന്റെ മകളും അഭിഭാഷകയുമായ ഇന്ദുലേഖ പറഞ്ഞു.
ക്രൈസ്തവ സഭകളില്‍ ജനാധിപത്യം വേണമെന്നും വിശ്വാസികള്‍ ഉള്‍പ്പെടുന്ന സമിതിയാവണം സഭയുടെ സ്വത്തുക്കളുടെ കൈകാര്യകര്‍ത്താക്കളെന്നുമുള്ള ആവശ്യമാണ് ചര്‍ച്ച് ആക്റ്റിലൂടെ പറയുന്നത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരേയുള്‍പ്പെടെ ആരോപണം ഉയര്‍ന്ന സഭയുടെ ഭൂമിയിടപാട് വലിയ ചര്‍ച്ചയാവുന്ന സാഹചര്യത്തില്‍ ചര്‍ച്ച് ആക്റ്റിന് ഏറെ പ്രസക്തിയുണ്ടെന്നും ഇവര്‍ പറയുന്നു.
Next Story

RELATED STORIES

Share it