thrissur local

ചര്‍ച്ചയില്ലാതെ അജണ്ട പാസാക്കിയ മേയറുടെ നടപടിക്കെതിരേ വിയോജനക്കുറിപ്പ്

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണ സമിതിയില്‍ സിപിഎമ്മില്‍ ശീതസമരം രൂക്ഷമാകുന്നു. തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിതാ ജയരാജന്റെയും സംഘത്തിന്റേയും തന്നിഷ്ടപ്രകാരമുള്ള നടപടികള്‍ക്കെതിരേയാണ് സിപിഎം ഭരണസമിതിയില്‍ തന്നെ ഭിന്നസ്വരം ഉയരുന്നത്. ചര്‍ച്ചയില്ലാതെ അജണ്ട പാസാക്കിയ തൃശൂര്‍ മേയര്‍ അജിതാ ജയരാജന്റെ നടപടിക്കെതിരെ സിപിഎം നേതാവും മരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ.എം പി ശ്രീനിവാസന്‍ വിയോജനകുറിപ്പ് നല്‍കി. അതേസമയം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ഭരണത്തോടുള്ള സമീപനത്തെചൊല്ലി ബിജെപിയിലും ഭിന്നതയുണ്ട്. ബിജെപി നല്‍കിയ വിയോജനകുറിപ്പില്‍ കൗണ്‍സിലര്‍ വി രാവുണ്ണി ഒപ്പിടാതിരുന്നത് ഇതിന്റെ ഭാഗമായിരുന്നു. ഫെബ്രുവരി 1ന് നടന്ന കൗണ്‍സില്‍ യോഗ നടപടികള്‍ സംബന്ധിച്ചായിരുന്നു വിയോജിപ്പുകള്‍. ചര്‍ച്ചയില്ലാതെ അജണ്ടകള്‍ പാസാക്കുന്ന മേയറുടെ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം സ്തംഭിപ്പിച്ച് സമരം നടത്തിയിരുന്നു. എന്നാല്‍ കൗണ്‍സില്‍ യോഗം സ്തംഭിപ്പിച്ചുള്ള സമരത്തെ അജണ്ടകള്‍ എല്ലാം പാസായതായി പ്രഖ്യാപിച്ചായിരുന്നു മേയര്‍ നേരിട്ടത്. അതേസമയം ചര്‍ച്ചയില്ലാതെ അജണ്ട പാസാക്കുന്നതു അംഗീകരിക്കാനാകില്ലെന്നായിരുന്നു ശ്രീനിവാസന്റെ വിയോജനകുറിപ്പ്. അജണ്ടയിലെ രണ്ടാമിനമായ റിലയന്‍സ് കേബിള്‍ അഴിമതി ഇടപാട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാതെയുള്ള ഒരു തീരുമാനത്തിലും തനിക്കും യോജിപ്പില്ലെന്നും ശ്രീനിവാസന്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിയോജനകുറിപ്പ് നേരിട്ട് മേയര്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ശ്രീനിവാസന്‍ റജിസ്റ്റര്‍ ചെയ്ത്  തപാലില്‍ കുറിപ്പ് അയച്ചുകൊടുക്കുകയായിരുന്നു. കോര്‍പ്പറേഷനില്‍ ആദ്യമായാണ് ഒരു സിപിഎം അംഗം എല്‍ഡിഎഫ് ഭരണ തീരുമാനത്തനെതിരെ വിയോജനകുറിപ്പ് നല്‍കുന്നത്. മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയുമായുള്ള ഭിന്നത മൂലം കൗണ്‍സില്‍ യോഗങ്ങളില്‍പോലും ഏതാനും മാസങ്ങളായി ബഹിഷ്‌കരണ സമരത്തിലായിരുന്നു ശ്രീനിവാസന്‍. മേയര്‍ അജിതാ ജയരാജനും ഡെപ്യൂട്ടി മേയറായിരുന്ന വര്‍ഗീസ് കണ്ടംകുളത്തിയും ചേര്‍ന്നാണ് സുപ്രധാന തീരുമാനങ്ങളെക്കുന്നതെന്നും മറ്റംഗങ്ങള്‍ കാഴ്ചക്കാരാകുകയാണെന്നും സിപിഎം കൗണ്‍സിലര്‍മാര്‍ക്കിടയിലുള്ള ആക്ഷേപമാണ് വിയോജന കുറിപ്പ് രൂപത്തില്‍ ഇപ്പോള്‍ ശ്രീനിവാസനിലൂടെ പ്രകടമായത്. മറ്റ് കൗണ്‍സിലര്‍മാരെ നോക്കുകുത്തികളാക്കി മുന്‍ ഡെപ്യൂട്ടി മേയറും മേയറും ചേര്‍ന്നാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നതെന്നാണ് ഇപ്പോഴും ഭൂരിഭാഗം സിപിഎം കൗണ്‍സിലര്‍മാരും ആരോപിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി വിഷയത്തിലിടപെടണമെന്നും ചിലര്‍ ആവശ്യമുന്നയിക്കുന്നു. താന്‍ അധ്യക്ഷനായ മരാമത്ത് കമ്മിറ്റിയെ നോക്കുകുത്തിയാക്കി തീരുമാനങ്ങള്‍ എടുക്കുന്നതിലുള്ള പ്രതിഷേധവും ശ്രീനിവാസന്‍ പങ്കുവെയ്ക്കുന്നു. മരാമത്ത് ചെയര്‍മാന്‍ പങ്കെടുക്കേണ്ട യോഗങ്ങളുടെ അറിയിപ്പ് പോലും നല്‍കാത്ത അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. ഭിന്നത തീര്‍ക്കാന്‍ പാര്‍ട്ടി ഇടപെടല്‍ ഇല്ലാത്തതിലും ശ്രീനിവാസന്‍ പ്രതിഷേധത്തിലാണ്.ചര്‍ച്ചയില്ലാതെ അജണ്ട പാസാക്കിയ മേയറുടെ ജനാധിപത്യവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപി അംഗങ്ങള്‍ വിയോജനകുറിപ്പ് നല്‍കിയത്. എന്നാല്‍ കുറിപ്പില്‍ ഒപ്പിടാന്‍ പൂങ്കുന്നം ഡിവിഷനില്‍ നിന്നുള്ള ബിജെപി കൗണ്‍സിലര്‍ വി രാവുണ്ണി വിസമ്മതിച്ചത് ഇതുസംബന്ധിച്ച് ബിജെപിയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന ഭിന്നതയും മറനീക്കാന്‍ സഹായകമായി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗം പോലും ചേരാറില്ലെന്നും പൊതുവിഷയങ്ങളില്‍ ചര്‍ച്ചയില്ലെന്നും ചിലര്‍ സിപിഎം ഭരണനേതൃത്വവുമായി ഒത്തുകളിക്കുന്നുവെന്നുമാണ് രാവുണ്ണിയുടെ പരാതി. അതിനുള്ള പ്രതിഷേധമായിരുന്നു ഒപ്പിടാത്ത നടപടി. ബിജെപിയില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ കൂടി ഈ നിലപാടുള്ളവരുണ്ടെങ്കിലും അവര്‍ ഒപ്പിട്ടു.ചര്‍ച്ചയില്ലാതെ അജണ്ട പാസാക്കിയ ജനാധിപത്യ ധ്വംസനത്തെ ബിജെപി എതിര്‍ത്തപ്പോള്‍ കോണ്‍ഗ്രസ് വിയോജനകുറിപ്പ് നാലുവിഷയത്തിലൊതുക്കി. ചര്‍ച്ചയില്ലാതെ 31 ജനങ്ങളും പാസായതായി പ്രഖ്യാപിച്ച് മേയര്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ചപ്പോള്‍ അജണ്ടയിലെ മറ്റ് 27 ഇനങ്ങളിലും കോണ്‍ഗ്രസ് വിയോജനകുറിപ്പിലൂടെ അംഗീകാരം നല്‍കുകയാണ് ചെയ്തത്. നിസ്സഹകരണ സമരം മൂന്നാംദിവസവും തുടര്‍ന്നപ്പോള്‍ അമൃതം പദ്ധതി ചര്‍ച്ചക്കും അംഗീകാരത്തിനും സൗകര്യമൊരുക്കി കോണ്‍ഗ്രസ് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തുകയായിരുന്നു.
Next Story

RELATED STORIES

Share it