Alappuzha local

'ചരിത്രം സാക്ഷി' പത്രപ്രദര്‍ശനത്തിന് ഇന്ന് ടൗണ്‍ഹാളില്‍ തുടക്കം

ആലപ്പുഴ: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ആലപ്പുഴ പ്രസ് ക്ലബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ചരിത്രം സാക്ഷി പഴയകാല ദിനപത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കും. അച്ചടി മാധ്യമങ്ങളുടെ നാള്‍വഴികള്‍ കോറിയിടുന്ന പ്രദര്‍ശനം രാവിലെ 10 മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് നടക്കുക.
ചരിത്രത്തിന്റെ ഭാഗമായി മാറിയ പഴയകാല പേജുകളും തലക്കെട്ടുകളും ആസ്വാദകര്‍ക്കും ചരിത്ര താല്‍പ്പര്യമുള്ളവര്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ്. പ്രദര്‍ശനം ഇന്ന് രാവിലെ 11ന് നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പുത്തന്‍ പുലരിയിലേക്ക് പൊട്ടി വിടര്‍ന്ന ദിവസത്തെ പത്രം, ജവഹര്‍ലാല്‍ നെഹ്‌റുവിന്റ മരണവാര്‍ത്ത, ചരിത്രത്തിന്റെ ഭാഗമായി മാറിയ റഷ്യന്‍ വിപ്ലവത്തെക്കുറിച്ചുള്ള കുറിപ്പുകള്‍, സര്‍ക്കാരിന്റെ പ്രത്യേക നിയമനിര്‍മാണ സമയത്തെ പത്രങ്ങള്‍, ദുരന്ത വാര്‍ത്തകള്‍, ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ പ്രധാന സംഭവങ്ങള്‍ തുടങ്ങി മായാ മുദ്ര പതിപ്പിച്ച ചരിത്ര വഴികളിലൂടെ സഞ്ചരിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ് പ്രദര്‍ശനം. മഹാത്മാഗാന്ധി, നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ഇ.എം.എസ്, എ.കെ.ജി.,സി.അച്യൂതമേനോന്‍, പി.കെ.വി, ഫിദല്‍ കാസ്‌ട്രോ, കൃഷ്ണയ്യര്‍, ജയപ്രകാശ് നാരായണന്‍ , ബാല്‍താക്കറെ തുടങ്ങിയവരുടെ മരണ വാര്‍ത്തകള്‍, മലയാള സിനിമയുടെയും താരങ്ങളുടെയും ചിത്രങ്ങളും വാര്‍ത്തകളും ഇറാക്ക്, ഭൂകമ്പം,  സുനാമി തുടങ്ങി വിവിധ സന്ദര്‍ഭങ്ങളെ വാര്‍ത്തകളിലുടെ എങ്ങനെ അവതരിപ്പിക്കപ്പെട്ടു എന്ന ചരിത്രമാണ് പ്രദര്‍ശനത്തിലൂടെ ചുരുളഴിക്കുന്നത്.
മലയാളത്തില്‍ ദിവസേന ഇറങ്ങുന്ന 65 ദിനപ്പത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രണ്ടായിരത്തോളം പത്രങ്ങളും രണ്ടായിരത്തോളം പത്രഫോട്ടോകളും പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നു.
നെടുമങ്ങാട് റോസ് മഹല്‍ റഷീദിന്റെ കഴിഞ്ഞ നാല്‍പ്പത്തഞ്ച് വര്‍ഷത്തെ കഠിനമായ തപസ്യയുടെ ഭാഗമായാണ് ഇത്രയും പത്രങ്ങളുടെ ശേഖരം സംഘടിപ്പിക്കാന്‍ കഴിഞ്ഞത്. ഇദ്ദേഹത്തിന്റെ കൈവശമുള്ള പത്രങ്ങളുടെ പ്രദര്‍ശന പരിപാടി സര്‍ക്കാരിന്റെ നേതൃത്വത്തില്‍   പാലക്കാട് ജില്ലയ്ക്കു ശേഷം ആലപ്പുഴ ജില്ലയിലാണ് ഇപ്പോള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it