ചരക്കു സേവന നികുതി: സര്‍ക്കാരുമായി കേന്ദ്രം സമവായത്തിന്

ചരക്കു സേവന നികുതി: സര്‍ക്കാരുമായി കേന്ദ്രം സമവായത്തിന്
X
GST-infocus

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയായ ശേഷം ആദ്യമായി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിയിലെത്തും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്ന പിണറായി നാളെ തുടങ്ങുന്ന സിപിഎം പോളിറ്റ് ബ്യൂറോയിലും പങ്കെടുത്ത് തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങും. ഇതിനിടയില്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദര്‍ശിക്കും. ഡല്‍ഹിയില്‍ വൈകീട്ട് നാലിനാണ് പിണറായി-മോദി കൂടിക്കാഴ്ച.
പ്രധാനമന്ത്രിയെ കാണാന്‍ പിണറായി നേരത്തേ സമയം ആവശ്യപ്പെട്ടിരുന്നു. വൈകീട്ട് ആറിനാവും രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചകളില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പിണറായി അവതരിപ്പിക്കും. പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രിയെന്ന നിലയില്‍ ഇരുവരില്‍നിന്നും പിന്തുണയും തേടും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
സത്യപ്രതിജ്ഞയ്ക്കു മുമ്പു തന്നെ സര്‍ക്കാരുമായി ബിജെപി കേന്ദ്രനേതൃത്വം ഏറ്റുമുട്ടല്‍ തുടങ്ങിയതിനാല്‍ വന്‍ രാഷ്ട്രീയ പ്രാധാന്യമാണ് പിണറായിയുടെ സന്ദര്‍ശനത്തിനുള്ളത്. സിപിഎം അക്രമത്തെ സഭയിലും പുറത്തും നേരിടുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പു നല്‍കി. എല്‍ഡിഎഫ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ കേരളത്തില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണം വര്‍ദ്ധിച്ചുവെന്ന് ആരോപിച്ച് ഡല്‍ഹിയിലെ സിപിഎം കേന്ദ്ര ആസ്ഥാനമായ എകെജി ഭവനിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു.
പിണറായിയുടെ പ്രതിച്ഛായ മോശമാക്കി ചിത്രീകരിക്കാനുള്ള നീക്കമായിരുന്നു ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലെന്ന് സംശയിച്ച സിപിഎം ഇതിനെ മറികടക്കാന്‍ സത്യപ്രതിജ്ഞാ ദിവസം ഡല്‍ഹിയിലെ ദേശീയ പത്രങ്ങളിലെല്ലാം ഒന്നാംപേജില്‍ മുഴുനീള പരസ്യം നല്‍കുകയും ചെയ്തു. എന്നാല്‍, മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായിയുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. കേന്ദ്രസര്‍ക്കാരുമായി സമവായത്തില്‍ പോവാനാണ് സര്‍ക്കാരിനും താല്‍പര്യം.
ജിഎസ്ടി ഏതു വിധേനയും പാസാക്കിയെടുക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നതിനാല്‍ മുഖ്യമന്ത്രിമാരെ വശത്താക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റേത്. പശ്ചിമബംഗാളില്‍ മമതയും തമിഴ്‌നാട്ടില്‍ ജയലളിതയും പുതിയ സാഹചര്യത്തില്‍ ബില്ലിനെ അനുകൂലിക്കുമെന്നാണ് ബിജെപി കരുതുന്നത്. ഒഡീഷ മുഖ്യമന്ത്രി ബിജു പട്‌നായിക്കിന്റെ പിന്തുണയും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ പിന്തുണ കൂടി കേന്ദ്രസര്‍ക്കാര്‍ തേടുന്നത്.
ബില്ല് പാസാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ്സിന്റേത്. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം സ്വന്തമാക്കണമെങ്കില്‍ ചെറുകക്ഷികളുടെ പിന്തുണ കേന്ദ്ര സര്‍ക്കാരിന് കൂടിയേ തീരൂ. ബിജെപി ന്യൂനപക്ഷമായ രാജ്യസഭയില്‍ സിപിഎം കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് ബില്ലിനെ എതിര്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പിണറായിയുടെ പിന്തുണ തേടുന്നത്. ഭൂരിപക്ഷ സംസ്ഥാനങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ബില്ല് നിയമമാക്കിയെടുക്കാന്‍ സാധിക്കും. പിണറായിയുടെ നിലപാട് ബില്ലിന് അനുകൂലമായാല്‍ പാര്‍ലമെന്റില്‍ സിപിഎമ്മിന് കോണ്‍ഗ്രസ്സിനൊപ്പം നിന്ന് ബില്ലിനെ എതിര്‍ക്കാനും സാധിക്കില്ല.
Next Story

RELATED STORIES

Share it