ചന്ദ്രബോസ് വധം; നിസാമിനെ കുറ്റക്കാരനാക്കിയത് പോലിസിന്റെ കരുനീക്കം: പ്രതിഭാഗം

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതിചേര്‍ത്ത മുഹമ്മദ് നിസാമിനെ കുറ്റക്കാരനായി മാധ്യമങ്ങള്‍ ചിത്രീകരിക്കുകയായിരുന്നുവെന്ന് പ്രതിഭാഗത്തിന്റെ വാദം. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഇതിനായി കരുക്കള്‍ നീക്കിയെന്നും പ്രതിഭാഗം ആരോപിച്ചു. വിചാരണക്കോടതിയില്‍ പ്രതിഭാഗം വാദത്തിലാണ് നേരത്തെ മാധ്യമങ്ങള്‍ക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്.
ചന്ദ്രബോസിനെ നിസാം ആക്രമിക്കുകയായിരുന്നില്ല. സെക്യൂരിറ്റി ബാറ്റണ്‍ ഉപയോഗിച്ച് ചന്ദ്രബോസ് നിസാമിനെയായിരുന്നു ആക്രമിച്ചത്. ചന്ദ്രബോസ് വീണുകിടന്നിടത്തുനിന്നും മുറിഞ്ഞ ബാറ്റണ്‍ കണ്ടെടുത്തത് ഇതിനെ സാധൂകരിക്കുന്നതാണ്. ചന്ദ്രബോസ് ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനല്ല. സംഭവദിവസം ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നും, ആക്രമിച്ചുവെന്ന് പറയുന്ന കാബിനില്‍ ചന്ദ്രബോസ് ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. ശോഭാസിറ്റിയിലെ അന്നത്തെ രജിസ്റ്ററില്‍ പ്രധാന സംഭവമായിരുന്നിട്ടും ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നത് രേഖപ്പെടുത്തിയിട്ടില്ലെന്നു പ്രതിഭാഗം തെളിവായി ചൂണ്ടിക്കാട്ടി.
മരണകാരണം നിസാമിനെതിരായി തിരിക്കുകയായിരുന്നു. ഇതോടൊപ്പം രണ്ടും മൂന്നും സാക്ഷികളുടെ മൊഴികള്‍ വൈരുദ്ധ്യമുള്ളതാണ്.
ചന്ദ്രബോസിനെ ആക്രമിച്ചുവെന്നും കൊലപ്പെടുത്തിയെന്നുമുള്ളത് പ്രോസിക്യൂഷന്‍ മെനഞ്ഞെടുത്ത കഥയാണെന്നും പ്രതിഭാഗം വാദിച്ചു. പ്രതിഭാഗത്തു നിന്ന് ബി രാമന്‍പിള്ളയാണു വാദം നടത്തിയത്. മൂന്നു മണിക്കൂര്‍ കൂടി വാദത്തിനു മതിയെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കൂടി പരിഗണിച്ച കോടതി കേസില്‍ തിങ്കളാഴ്ച വാദം പൂര്‍ത്തിയാക്കണമെന്നു കര്‍ശന നിര്‍ദേശം നല്‍കി.
ഇതിനിടെ വിചാരണ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി പരിഗണിക്കാന്‍ വിസമ്മതിച്ചു. രാവിലെ കേസ് പരിഗണിക്കുന്നതിനിടെ, സുപ്രിംകോടതിയില്‍ ഹരജി പരിഗണിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ അപേക്ഷയെ തുടര്‍ന്ന് വാദം പരിഗണിക്കുന്നതു വൈകിപ്പിച്ചു. പിന്നീട് സുപ്രിംകോടതി ആവശ്യം അംഗീകരിച്ചില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചുവെങ്കിലും മറ്റ് കേസുകളുടെ തിരക്കായതോടെ വാദം ഉച്ചയ്ക്കു ശേഷമാക്കുകയായിരുന്നു. തിങ്കളാഴ്ചയോടെ വാദം പൂര്‍ത്തിയായാല്‍ അടുത്തയാഴ്ചയോടെ തന്നെ കേസില്‍ വിധിയുണ്ടായേക്കും. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി പി ഉദയഭാനു പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
Next Story

RELATED STORIES

Share it