Kottayam Local

ചന്ത ഞായര്‍ ദിവസം മതിയെന്ന് പഞ്ചായത്ത്കമ്മിറ്റി തീരുമാനം



എരുമേലി: പതിറ്റാണ്ടുകളായി ഞായര്‍ ദിനത്തില്‍ നടത്തുന്ന മുക്കൂട്ടുതറയിലെ ചന്തയ്ക്ക് ഇനി മാറ്റമില്ല. ചന്ത ഞായര്‍ ദിവസം മതിയെന്ന് പഞ്ചായത്ത് കമ്മറ്റി ഐക്യകണ്‌ഠേനെ തീരുമാനിച്ചു.1000ത്തോളം നാട്ടുകാരുടെ ഒപ്പുകള്‍ ശേഖരിച്ച് ചന്തക്കായി ഡിവൈഎഫ്‌ഐ നടത്തിയ സമരം ഇതോടെ പൂര്‍ണ വിജയമായി. അതേസമയം ഞായര്‍ ദിനത്തില്‍ കടകളടച്ച് അവധിയെടുക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യാപാരി സംഘടനാ ഭാരവാഹികള്‍ പറയുന്നു. എല്ലായിടത്തുമെന്ന പോലെ മുക്കൂട്ടുതറയിലും ഞായര്‍ പൊതു അവധിയാക്കണമെന്നും ചന്ത ശനിയാഴ്ചയിലേക്ക് മാറ്റണമെന്നുമാവശ്യപ്പെട്ട് വ്യാപാരിസംഘടനകള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കത്ത് നല്‍കിയതോടെയാണ് വിവാദമായ സംഭവവികാസങ്ങളുടെ തുടക്കം. അതുവരെ തിങ്കള്‍ അവധിയാക്കിയിരുന്ന വ്യാപാരികള്‍ അടുത്ത മാസം രണ്ട് മുതല്‍ ഞായര്‍ അവധിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് സിപിഎം, സിപിഐ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.ഡിവൈഎഫ്‌ഐ നടത്തിയ ഒപ്പുശേഖരണം ചന്തദിവസം  ഞായറാഴ്ച മതിയെന്ന ജനാഭിപ്രായം വ്യക്തമാക്കിയതോടെയാണ് ഇതംഗീകരീച്ച് പഞ്ചായത്ത് തീരുമാനം അറിയിച്ചിരിക്കുന്നത്. പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനത്തെ ഡിവൈഎഫ്‌ഐ മുക്കൂട്ടുതറ മേഖലാ കമ്മറ്റി സ്വാഗതം ചെയ്തു. അതേ സമയം ചന്തക്ക് പ്രവര്‍ത്തിക്കാന്‍ സ്ഥലമില്ലാത്തത് കമ്മറ്റിയില്‍ ചര്‍ച്ചയായില്ല. പാതയോരത്താണ് ചന്തയുടെ പ്രവര്‍ത്തനം.
Next Story

RELATED STORIES

Share it