Kottayam Local

ചങ്ങനാശ്ശേരിയില്‍ ഇനി ഉല്‍സവനാളുകള്‍; പാര്‍ക്കിങ്് സൗകര്യമില്ലാതെ നഗരം വീര്‍പ്പുമുട്ടലില്‍

എന്‍ പി അബ്ദുല്‍ അസീസ്

ചങ്ങനാശ്ശേരി: ചന്ദനക്കുടവും ചിറപ്പും ക്രിസ്മസും ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നഗരം ഇരുട്ടില്‍. ഇതിനു പരിഹാരം കണ്ടെത്താനാവാതെ നഗരസഭയിലെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നതൊഴിച്ചാല്‍ ഒരുകാര്യവും നടക്കുന്നില്ല. ഒപ്പം ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം നഗരത്തിന്റെ പല ഭാഗങ്ങളിലും കുടിവവെള്ളവും കിട്ടാത്ത അവസ്ഥയുമായി. മാത്രമല്ല വാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാനിടമില്ലാതെ നഗരം വീര്‍പ്പു മുട്ടലിലുമാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നഗരത്തിലെ തെരുവു വിളക്കുകള്‍ പ്രകാശിക്കാത്ത വിഷയം ഉയര്‍ന്നു വരികയും പ്രശ്‌നത്തിനു അടിയന്തര പരിഹാരം ഉണ്ടാക്കുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കുകയും ചെയ്‌തെങ്കിലും ചില വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ അങ്ങിങ്ങു തുടക്കം കുറിച്ചതൊഴിച്ചാല്‍ കാര്യമായ ഒരു ചലനവും നടക്കുന്നില്ല. ഇതിന്റെ ഭാഗമായി സെന്‍ട്രല്‍ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റപ്പണികള്‍ ഇന്നലെ ആരംഭിച്ചു. എന്നാല്‍ നഗരത്തിലെത്തുന്ന വാഹനങ്ങള്‍ക്കു സ്ഥിരം പാര്‍ക്കിങ് വേദിയൊരുക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും പ്രശ്‌നം അനന്തമായി നീളുകയാണ്. കെഎസ്ടിപിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന എംസി റോഡ് വികസനം ചങ്ങനാശ്ശേരി നഗരത്തില്‍ പൂര്‍ത്തിയാവുന്നതോടെ ഇതിനു പരിഹാരം ഉണ്ടാവുമെന്ന നിലപാടായിരുന്നു നേരത്തെ അധികൃതര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ റോഡ് വികസനം സാധ്യമായതോടെ ഇവിടെയെല്ലാം ഓട്ടോറിക്ഷാകളും ഫുട്പാത്ത്കച്ചവക്കാരും കൈയേറി. പുഴവാത് കാവില്‍ ഭഗവതിക്ഷേത്രത്തിലെ ചിറപ്പും ക്രിസ്മസ് ആഘോഷവും ചന്ദനക്കുടവും ഒന്നിച്ചു നടക്കുന്ന ദിവസങ്ങളാണ്് ചങ്ങനാശ്ശരിയില്‍ ഡിസംബര്‍ 25, 26 തിയ്യതികള്‍. അതിനുള്ള മുന്നൊരുക്കങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പെ നടക്കുന്നതിനാല്‍ വളരെനേരത്തെ തന്നെ വന്‍തിരക്കാവും നഗരത്തില്‍ അനുഭവപ്പെടുക. ചന്ദക്കുടഘോഷയാത്ര കടന്നുപോവുന്ന ഭാഗങ്ങളെല്ലാം കാടുകള്‍ വെട്ടിത്തെളിക്കാന്‍ മുന്‍കാലങ്ങളില്‍ നഗരസഭാ കണ്ടിജന്‍സി ജീവനക്കാര്‍ നേരത്തെതന്നെ രംഗത്തിറങ്ങുമായിരുന്നെങ്കിലും ഇത്തവണ അത് നടന്നിട്ടില്ല.ഗതാഗതക്കുരുക്കിനു പരിഹാരമായി നിര്‍മിച്ച ബൈപാസ് റോഡ് ഏറെ പ്രയോജനപ്പെടുന്നുണ്ടെങ്കിലും നഗരത്തിലെ ഗതാഗതക്കുരുക്കിനു ശമനമില്ല. അവിടെയും തെരുവു വിളക്കുകള്‍ പ്രകാശിക്കുന്നില്ല. പെരുന്നയിലെ രണ്ടാം നമ്പര്‍ ബസ് സ്റ്റാന്‍ഡിലെ പാര്‍ക്കിങ് ഏരിയയില്‍ അതിരാവിലെ തന്നെ പുറത്തു നിന്നുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ കടകളിലെത്തുന്ന വാഹനങ്ങള്‍ക്ക് അവിടെ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നില്ലെന്ന് ഇവിടുത്തെ കച്ചവടക്കാര്‍ പറയുന്നു.
Next Story

RELATED STORIES

Share it