thrissur local

ചക്ക സംസ്‌കരണ കേന്ദ്രത്തില്‍ ഉല്‍പാദന വിപണനോദ്ഘാടനം ഇന്ന്

മാള: രാജ്യത്തെ പൊതുമേഖലയിലുള്ള ആദ്യത്തെ ചക്ക സംസ്‌കരണ കേന്ദ്രത്തിലെ വാണിജ്യാണിസ്ഥാനത്തിലുള്ള ഉല്‍പാദനവിപണനോദ്ഘാടനം ഇന്ന് നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ഉച്ചക്ക് ശേഷം മൂന്നിന് പൊയ്യയിലെ സംസ്‌കരണ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. അഡ്വ. വി എസ് സുനില്‍കുമാര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും.
കെയ്‌കോ മാനേജിംഗ് ഡയറക്ടര്‍ പി സുരേഷ് ബാബു പദ്ധതി വിശദീകരണം നടത്തും. ടി വി ഇന്നസെന്റ് എം പി മുഖ്യാതിഥിയാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ആദ്യവില്‍പ്പന നിര്‍വ്വഹിക്കും. കൃഷിവകുപ്പ് സെക്രട്ടറി അനില്‍ എക്‌സ് ഐ എ എസ് മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കളും സംബന്ധിക്കും. ചക്കയെ സംസ്ഥാന പഴമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊയ്യ പൂപ്പത്തിയില്‍ ആഗ്രോ ഇന്‍ഡ്രസ്ട്രീസ് ചക്ക സംസ്‌കരണ ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങുന്നത്. അഗ്രോ ഇന്റസ്ട്രീസ് കോര്‍പ്പറേഷന്റെ 50 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഈ സ്ഥാപനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദന വിപണനോദ്ഘാടനം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ബജറ്റില്‍ നേരത്തേ വകയിരുത്തിയ 1.15 കോടി രൂപ വിനിയോഗിച്ചാണ് ഒരേക്കര്‍ വരുന്ന ഭൂമിയില്‍ കെട്ടിടങ്ങളും മെഷിനറികളും മറ്റും സജ്ജീകരിച്ചിരിക്കുന്നത്. വന്‍തോതില്‍ ശേഖരിക്കപ്പെടുന്ന ചക്കകള്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള ഫ്രീസിംഗ് സംവിധാനംപോലും ഒരുക്കാതെയാണ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നേരത്തെ ഉദ്ഘാടനം നടത്തിയത്. ചക്കയില്‍ നിന്നും ഹലുവ, ജാം, ജാക്ക്ഫ്രൂട്ട് കാന്‍ഡി, നെക്ടര്‍, ചിപ്‌സ്, ജാക്ക് പൗഡര്‍, മുറുക്ക്, ഫ്‌ലേക്‌സ് തുടങ്ങിയ എട്ടിനങ്ങളും ചക്കക്കുരുവില്‍ നിന്നുമുള്ള മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ തുടങ്ങിയവയായിരുന്നു ആദ്യഘട്ട നിര്‍മ്മാണ വിപണനലക്ഷ്യം. രണ്ടാംഘട്ടമായി മാങ്ങ, കൈതച്ചക്ക തുടങ്ങിയവയില്‍ നിന്നുമുള്ള മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും ലക്ഷ്യമാണ്.
ആദ്യഘട്ടത്തില്‍ ഓഫീസര്‍മാരടക്കം 15 ജീവനക്കാരാണുണ്ടാകുക. കേരള അഗ്രോ ഇന്റസ്ട്രീസ് കോര്‍പ്പറേഷന്റെ കീഴിലുള്ള തൃശൂരിലെ അഗ്രോ ബസാര്‍, തിരുവനന്തപുരത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ്, കേരളത്തിന്റെ പലയിടങ്ങളിലായുള്ള 10 അഗ്രോ ബസാറുകള്‍ എന്നിവിടങ്ങളിലൂടെയായിരിക്കും ഉല്‍പന്നങ്ങളുടെ തുടക്കത്തിലുള്ള വില്‍പ്പന. പിന്നീട് ആവശ്യാനുസരണം ഏജന്‍സികള്‍ക്ക് ഉല്‍പന്നങ്ങള്‍ നല്‍കി വിപണി വിപുലപ്പെടുത്തും.
1997ല്‍ അന്നത്തെ കൃഷിമന്ത്രി കൃഷ്ണന്‍ കണിയാംപറമ്പിലാണ് ആഗ്രോ ഇന്‍ഡ്രസ്ട്രീസ് കോര്‍പ്പറേഷന്റെ കീഴില്‍ പഴവര്‍ഗ്ഗ സംസ്‌കരണ ഫാക്ടറിക്ക് തറക്കല്ലിട്ടത്. ഇതിനുശേഷമാണ് ജനങ്ങളില്‍ ഏറെ വികസന പ്രതീക്ഷകള്‍ നല്‍കിയ വി കെ രാജന്‍ അകാലത്തില്‍ പൊലിഞ്ഞത്.
പിന്നീട് 16 വര്‍ഷത്തോളം ആരാലും ശ്രദ്ധിക്കപ്പെടാതെ ഫാക്ടറി വളപ്പ് കാട് കയറി കിടക്കുകയായിരുന്നു. സംസ്ഥാനഫലമായി പ്രഖ്യാപിച്ചതിന് പിറകെ മാളയിലെ ചക്കസംസ്‌ക്കരണ ഫാക്ടറിയും പ്രവര്‍ത്തനപഥത്തിലേക്ക് നീങ്ങുന്നതില്‍ ഏറെ പ്രതീക്ഷകളാണ് ജനങ്ങളില്‍ വീണ്ടുമുയരുന്നത്. 1997ല്‍ പഴനീര്‍സംസ്‌ക്കരണ ഫാക്ടറിയായി ആരംഭിച്ചുവെങ്കിലും 2013ല്‍ ചക്കസംസ്‌ക്കരണ ഫാക്ടറിയായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ തൊഴിലാളികളെ നിയമിച്ചു. ചക്ക സംഭരിച്ച് സൂക്ഷിക്കുന്നതിനായി ഷെഡ്ഡും നിര്‍മ്മിച്ചിട്ടുണ്ട്. ചക്ക ഉപയോഗിച്ച് നൂറോളം മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കും. ചക്കയില്‍ നിന്നുള്ള പള്‍പ്പ് നിര്‍മ്മിച്ച് ടിന്നുകളില്‍ സൂക്ഷിച്ചാണ് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുക. പള്‍പ്പ് ആറുമാസം വരെ കേടുകൂടാതെയിരിക്കും. ചക്കകുരുവില്‍ നിന്നും പോഷകസമൃദ്ധമായ പൊടിയും നിര്‍മ്മിക്കും. ഈ പൊടി നാടന്‍ പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനും ബേബിഫുഡ് നിര്‍മ്മാണത്തിനും ഉപയോഗിക്കാം. ചക്കമടലും പോളയും കാലിതീറ്റയാക്കി മാറ്റുകയും ചെയ്യും.
കര്‍ഷകര്‍ക്കും നേരിട്ട് ചക്ക ഫാക്ടറിയിലെത്തിച്ച് വില്‍ക്കാനുമാകും. ചക്ക ഇവിടെ എത്തിച്ചാല്‍ കിലോഗ്രാമിന് ഏഴുരൂപ പ്രകാരം നല്‍കും. ഒരു വര്‍ഷം 600 മെട്രിക് ടണ്‍ ചക്ക ഇവിടെ സംസ്‌ക്കരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. സീസണില്‍ ലഭിക്കുന്ന ചക്ക പള്‍പ്പാക്കി മാറ്റി സൂക്ഷിച്ചാല്‍ മാത്രമേ ഉല്‍പാദനം മുടങ്ങാതെ നടക്കുകയുള്ളു. പള്‍പ്പ് കേടുകൂടാതെ സൂക്ഷിക്കാന്‍ ശീതീകരിച്ച സംവിധാനം വേണം. എന്നാല്‍ ഈ സംവിധാനം ഇല്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന പോരായ്മയുമുണ്ട്. എന്നാല്‍ ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതോടെ ഫാക്ടറിയുടെ പ്രാധാന്യം വര്‍ദ്ധിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച കേരള അഗ്രോ ഇന്റസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരി, എം ഡി പി സുരേഷ് ബാബു, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എം രാധാകൃഷ്ണന്‍, സണ്ണി ജോസ് മാത്യു, പി ആര്‍ സുരേഷ്‌കുമാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it