Flash News

ഗൗരി ലങ്കേഷ് വധം; കൊലക്ക് കാരണം ഹിന്ദുത്വ വിരുദ്ധ കാഴ്ചപ്പാടുകള്‍

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹികപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് അവരുടെ ഹിന്ദുത്വ വിരുദ്ധ കാഴ്ചപ്പാടുകളുടെ പേരിലെന്നും മുഖ്യ ആസൂത്രകര്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരാണെന്നും കുറ്റപത്രം. ഗൗരി ലങ്കേഷ് ഹിന്ദുമതത്തെയും ദൈവങ്ങളെയും വിമര്‍ശിക്കുകയും അപമാനിക്കുകയും ചെയ്തതായി പ്രതികള്‍ അഭിപ്രായപ്പെട്ടതായും ഈ വിദ്വേഷത്താലാണ് കൊലയെന്നും കേസിലെ ഒന്നാംപ്രതി കെ ടി നവീന്‍കുമാറിനെതിരേ പ്രത്യേകാന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം പറയുന്നു. ബംഗളൂരു അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ബുധനാഴ്ചയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
നവീന്‍കുമാറിനു പുറമേ സനാതന്‍ സന്‍സ്ഥയുമായി ബന്ധമുള്ള അമോല്‍ കാലെ, നിഹാല്‍ എന്ന ദാദ, മനോഹര്‍ ഇവാഡെ തുടങ്ങിയവരാണ് കേസിലെ മുഖ്യ പ്രതികളെന്ന്് അന്വേഷണസംഘം അറിയിച്ചു. അമോല്‍ കാലെ, ദാദ എന്നറിയപ്പെടുന്ന നിഹാല്‍ എന്നിവരാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം ആസൂത്രണം ചെയ്തത്. അമോല്‍ കാലെ പോലിസ് കസ്റ്റഡിയിലാണ്. മഹാരാഷ്ട്ര സ്വദേശിയായ നിഹാല്‍ ഒളിവിലാണെന്നും ഇതുവരെ പിടുകൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു.
നവീന്‍ കുമാര്‍ സ്വന്തമായി ഒരു തോക്ക് വാങ്ങിയതായും ആയുധപൂജാ ദിവസം തന്റെ രക്തംകൊണ്ട് തോക്ക് പൂജിച്ചതായും ഭാര്യ രൂപ അന്വേഷണസംഘത്തിന് മൊഴിനല്‍കിയിട്ടുണ്ട്. അമോലിനും ദാദയ്ക്കും ഗൗരി ലങ്കേഷുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയിരുന്നതായി കസ്റ്റഡിയിലുള്ള മനോഹര്‍ യാദവ് എന്ന പ്രതി സമ്മതിച്ചിട്ടുണ്ട്. കാലെയും ദാദയും ഗൗരി ലങ്കേഷിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു. രാജരാജേശ്വരി നഗറിലെ ഗൗരി ലങ്കേഷിന്റെ വീടിനെക്കുറിച്ചും പരിസരത്തെക്കുറിച്ചും അന്വേഷിക്കുകയും ഇവര്‍ക്ക് റിപോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നതായും യാദവ് പറഞ്ഞു.
ആര്‍ആര്‍ നഗറിലെ ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നും ഓഫിസിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും മനോഹര്‍ യാദവ് നവീന്‍ കുമാറിനൊപ്പം അവരെ പിന്തുടര്‍ന്നിരുന്നു. ഈ വിവരങ്ങള്‍ യഥാസമയം ദാദയെ യാദവ് അറിയിക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ കുമാറിന് സനാതന്‍ സന്‍സ്ഥയുമായുള്ള ബന്ധം ഭാര്യ രൂപയുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്നതായി കുറ്റപത്രത്തിലുണ്ട്.
സനാതന്‍ സന്‍സ്ഥയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ തന്നെ കൊണ്ടുപോയതായും സംഘടനയിലെ ചിലരെ പരിചയപ്പെടുത്തിയതായും രൂപ മൊഴിനല്‍കിയിട്ടുണ്ട്. എട്ടു വര്‍ഷം മുമ്പ് നവീന്‍ 18 വെടിയുണ്ടകള്‍ വാങ്ങിയതായി സിറ്റി മാര്‍ക്കറ്റിലെ തോക്ക് വ്യാപാരിയും സ്ഥിരീകരിച്ചു. 2017ല്‍ ബെലഗാവിയിലെ ഹോട്ടലില്‍ വച്ചായിരുന്നു ആദ്യ ഗൂഢാലോചനയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കേസില്‍ നവീന്‍കുമാറിന്റെയും മധൂര്‍ സ്വദേശികളായ മൂന്ന് സുഹൃത്തുക്കളുടെയും കുറ്റസമ്മത മൊഴി അന്വേഷണസംഘം ഇതുവരെ പുറത്തുവിട്ടിട്ടില്ല.















Next Story

RELATED STORIES

Share it