Kollam Local

ഗ്രാമോദ്ധാരണ ട്രസ്റ്റ് സ്‌കൂള്‍ ഭരണസമിതി ഇലക്ഷന്‍



കൊട്ടിയം: മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് സ്‌കൂള്‍ ഭരണസമിതി ഇലക്ഷനില്‍ മുന്നണി ബന്ധങ്ങള്‍ അപ്രസക്തമായി. സിപിഎമ്മും ആര്‍എസ്പിയും ഒരുമുന്നണിയായും, സിപിഐയും കോണ്‍ഗ്രസും ചേര്‍ന്ന് മറ്റൊരു മുന്നണിയായും മല്‍സരിക്കുന്ന അപൂര്‍വകാഴ്ചയ്ക്കാണ് തൃക്കോവില്‍വട്ടം പഞ്ചായത്തിലെ എംജിടി ഹൈസ്‌കൂള്‍ ഭരണസമിതി തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നത്. സ്‌കൂളില്‍ നിലവില്‍ സിപിഐ -കോണ്‍ഗ്രസ് ഭരണ സമിതിയാണ് മൂന്നുവര്‍ഷമായി ഭരിക്കുന്നത്. തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ ഇടതുമുന്നണിയാണ് ഭരണം നടത്തുന്നത്. ഒന്നിച്ചാണെങ്കിലും അവിടെയും ഇവര്‍തമ്മിലടിയാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് നാളുകളായി ആരോപണം ഉന്നയിക്കുന്നുണ്ട്. കടുത്ത മല്‍സരമാണെങ്കിലും സ്‌കൂളില്‍ നിലവിലുള്ള സിപിഐ -കോണ്‍ഗ്രസ് ഭരണ സമിതി തന്നെ ജയിക്കുമെന്നാണ് സൂചന. തീര്‍ത്തും വ്യത്യസ്തമായ മുന്നണികള്‍ തൃക്കോവില്‍വട്ടത്തെ വീണ്ടും സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമാക്കുകയാണ്.  അടുത്തിടെ നിരവധി തവണ സിപിഎം-സിപിഐ സംഘട്ടനവും അക്രമപരമ്പരയും നടന്ന സ്ഥലമാണ് തൃക്കോവില്‍വട്ടം. തൃക്കോവില്‍വട്ടം പഞ്ചായത്തിലെ മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തിന് നേര്‍വിപരീത കാഴ്ചയാവുന്നത് നാട്ടുകാര്‍ക്ക് കൗതുകമായി. അധികാരത്തിനായുള്ള വടംവലി മാത്രമാണിതെന്നാണ് അവര്‍ പറയുന്നത്. സ്‌കൂളിലേയ്ക്ക് 15 അംഗ ഭരണസമിതിയെയാണ് തിരഞ്ഞെടുക്കേണ്ടത്. ട്രസ്റ്റില്‍ 3271 അംഗങ്ങളാണുള്ളത്. നിലവിലുള്ള ട്രസ്റ്റ് പ്രസിഡന്റ് ടി വിജയകുമാറിന്റെ നേതൃത്വത്തിലാണ് സിപിഐ- കോണ്‍ഗ്രസ് കൂട്ടുകെട്ട്. 36 പേര്‍ ജനറല്‍ വിഭാഗത്തിലും വനിതാസംവരണത്തിലും പട്ടികജാതിവിഭാഗം സംവരണത്തിലുമായി ഈരണ്ടുപേര്‍ വീതവും മല്‍സരരംഗത്തുണ്ട്.  സിപിഐ മുഖത്തല മണ്ഡലം സെക്രട്ടറി ജി ബാബു, ജില്ലാ പഞ്ചായത്തംഗവും എഐവൈഎഫ് ജില്ലാ സെക്രട്ടറിയുമായ സിപി പ്രദീപ്, സെക്രട്ടേറിയറ്റ് അംഗം എം സജീവ് എന്നിവരാണ് ഈ പാനലിലെ മറ്റ് സ്ഥാനാര്‍ഥികള്‍. തൃക്കോവില്‍വട്ടം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ ആര്‍ പ്രസന്നന്‍, നിലവിലെ തൃക്കോവില്‍വട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ സുകു, ചന്ദ്രന്‍പിള്ള   എന്നിവരുടെ നേതൃത്വത്തിലാണ് സിപിഎം.-ആര്‍എസ്പി കൂട്ടുകെട്ട് മല്‍സരിക്കുന്നത്. ഇവര്‍ക്കൊപ്പം ആര്‍എസ്പി നേതാവായ ഫിറോസ് ഷാസമദ്, ആര്‍എസ്പി വനിതാവിഭാഗം ജില്ലാ സെക്രട്ടറി ജെ ലതികാകുമാരി എന്നിവരും സിപിഎമ്മിന്റെ തട്ടിക്കൂട്ട് പാനലിലുണ്ട്. സിപിഐയില്‍ നിന്ന് പുറത്തുപോയ രണ്ടു റിബലുകളെയും ഇവര്‍ ഒപ്പം കൂട്ടിയിട്ടുണ്ട്. പുറമെ ബിജെപി അഞ്ച് പേരുമായി മത്സരരംഗത്തുണ്ട്. ഒരു സ്വതന്ത്രനും മല്‍സരിക്കുന്നുണ്ട്
Next Story

RELATED STORIES

Share it