ഗ്യാസ് ഏജന്‍സിയുടമയുടെ കൊല: പ്രതി പിടിയില്‍

വളാഞ്ചേരി: കൊട്ടാരം ആലിന്‍ചുവട്ടിലെ പാചകവാതക ഏജന്‍സി ഉടമ കൊച്ചി എളമക്കര സ്വദേശി കുറ്റിക്കാട്ടില്‍ വിനോദ് കുമാറി(54)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പോലിസ് പിടിയില്‍. കൊച്ചി എളമക്കര മാമംഗലം ക്രോസ് റോഡ് നമ്പ്രത്ത് വീട്ടില്‍ മുഹമ്മദ്  യൂസഫ് എന്ന സജീദി(51)നെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ വളാഞ്ചേരി സി.ഐ. കെ ജി സുരേഷും സംഘവും അറസ്റ്റ് ചെയ്തത്. അതേസമയം, വിനോദ്കുമാറിന്റെ ഭാര്യ പരിക്കേറ്റ ജ്യോതി എന്ന ജസീന്ത ജോര്‍ജും(56) കേസില്‍ പ്രതിയാണ്. ഇവര്‍  പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പോലിസ് അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് വിനോദ്കുമാര്‍ വെണ്ടല്ലൂരിലെ വാടക വീട്ടില്‍ വെട്ടേറ്റുമരിച്ചത്.

ജ്യോതിയെക്കൂടാതെ കൊല്ലം കുണ്ടറയിലുള്ള മറ്റൊരു സ്ത്രീയുമായി കൊല്ലപ്പെട്ട വിനോദ്കുമാറിന് ബന്ധമുണ്ടായിരുന്നു. ഇതില്‍ ഒരു കുട്ടിയുമുണ്ട്. ഇപ്പോള്‍ ഈ സ്ത്രീ ഗര്‍ഭിണിയാണ്. ഈ വിവരമറിഞ്ഞ ഭാര്യ ജ്യോതി വിനോദ്കുമാറിന്റെ പേരിലുള്ള കോടിക്കണക്കിനു  രൂപ വിലയുള്ള വസ്തുക്കള്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ പ്രതിയുമായി ഗുഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. വിനോദ് കുമാര്‍ കൊലചെയ്യപ്പെട്ടതിന്റെ തലേദിവസം  വൈകീട്ട് ഏഴരയോടെ പ്രതി ബസ് മാര്‍ഗം വളാഞ്ചേരിയിലെത്തി. കോഴിക്കോട് റോഡില്‍ മീമ്പാറയിലെ ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപമെത്തിയ പ്രതിയെ ജ്യോതി കാറില്‍ വെണ്ടല്ലൂരിലെ വീട്ടിലെത്തിക്കുകയായിരുന്നു. മറ്റുള്ളവര്‍ ശ്രദ്ധിക്കാതിരിക്കാന്‍ കാറിന്റെ പിന്‍സീറ്റില്‍ കിടത്തി തുണികൊണ്ട് മൂടിയാണ് പ്രതിയെ വീട്ടിലെത്തിച്ചത്. പിന്‍വാതിലിലൂടെ അകത്തുകടന്ന പ്രതിയെ മുകള്‍നിലയില്‍ ഒളിപ്പിക്കുകയായിരുന്നു.

ഗ്യാസ് ഏജന്‍സി മാനേജര്‍ രാത്രി എട്ടോടെ വീട്ടിലെത്തി അന്നത്തെ കലക്്ഷന്‍ ജ്യോതിയെ ഏല്‍പ്പിച്ച് മടങ്ങി. രാത്രി വൈകി വീട്ടിലെത്തിയ വിനോദ്കുമാര്‍ കിടപ്പുമുറിയിലേക്കുപോയി. ഇയാള്‍ ഉറങ്ങിയെന്നുറപ്പുവരുത്തിയ ശേഷം പ്രതിയെ താഴേക്കു വിളിച്ചുവരുത്തി നേരത്തെ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിനും നെഞ്ചിനും വെട്ടുകയായിരുന്നു. വിനോദ്കുമാര്‍ മരിച്ചെന്നു കരുതിയ പ്രതി പോവാനൊരുങ്ങവേ കിടപ്പുമുറിയില്‍നിന്ന് വിനോദ്കുമാര്‍ ഫോണ്‍ ചെയ്യുന്ന ശബ്ദം കേട്ടതോടെ പ്രതി തിരിച്ചുവന്ന് തുരുതുരാ വെട്ടുകയായിരുന്നു. തുടര്‍ന്ന് ജ്യോതി തന്റെ കൈകള്‍ പിറകോട്ടു കെട്ടാനും വായില്‍ തുണി കുത്തിത്തിരുകാനും പ്രതിയോട് ആവശ്യപ്പെട്ടു. മോഷണ ശ്രമത്തിനിടെ നടന്ന കൊലയാണെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. എന്നാല്‍, പ്രതി ഇതു നിരസിച്ചു. പേനാകത്തികൊണ്ട് ജ്യോതിയുടെ കഴുത്തില്‍ ചെറിയ മുറിവേല്‍പ്പിച്ചു. നേരത്തെ മാനേജര്‍ ഏല്‍പ്പിച്ച 3,40,000 രൂപയടങ്ങുന്ന ബാഗ് പ്രതിക്കു നല്‍കി കാറുമെടുത്ത് രക്ഷപ്പെടാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ജ്യോതി പ്രതിയെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ ഉള്‍പ്പെടെ മൂന്നു ഫോണുകള്‍ വഴിയില്‍ ഉപേക്ഷിക്കാന്‍ പ്രതിയെ ഏല്‍പ്പിക്കുകയും ചെയ്തു. കാറുമായി പോയ പ്രതി കുറ്റിപ്പുറത്തിനടുത്ത് മാണൂരില്‍ കാര്‍ ഉപേക്ഷിക്കുകയും ഫോണ്‍ എടുത്ത് നാട്ടിലേക്കു ബസ്സില്‍ മടങ്ങുകയും ചെയ്തു. പ്രതി ഉപയോഗിച്ചിരുന്ന ഫോണ്‍ പിന്തുടര്‍ന്ന് അന്വേഷണസംഘം കൊച്ചിയിലെത്തി. സിറ്റി പോലിസിന്റെ സഹായത്തോടെ ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ വീട്ടില്‍ നിന്നു പ്രതിയെ പിടികൂടുകയായിരുന്നു. കൊല നടന്ന രീതിയില്‍ സംശയം തോന്നിയ പോലിസ് ജ്യോതിയെ ചോദ്യംചെയ്തതോടെയാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായ മൊഴികളാണ്  ഇവര്‍ നല്‍കിയിരുന്നത്. ഇത് അന്വേഷണത്തിന് കൂടുതല്‍ സഹായകരമായി. പ്രതിയെ ഇന്നലെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. തെൡവെടുപ്പിനായി നാളെ കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം എസ്.പി. ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ തിരൂര്‍ ഡിവൈ.എസ്.പി.  ടി സി വേണുഗോപാല്‍, വളാഞ്ചേരി സി.ഐ. കെ ജി സുരേഷ്, പ്രത്യേക അന്വേഷണാംഗങ്ങളായ എ.എസ്.ഐ. സി പി ഇഖ്ബാല്‍,  ജയപ്രകാശ്, മുരളി, ഷറഫുദ്ദീന്‍, രാജേഷ്, പ്രമോദ്, അബ്ദുല്‍ അസീസ്, തൃക്കാക്കര അസി. കമ്മീഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിലെ തിലകരാജ്, വിനായകന്‍, ബേസില്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it