ഗോവയിലെത്തിയ 16 ബോട്ടുകള്‍ കൊച്ചിയിലേക്ക് തിരിക്കും

കൊച്ചി/മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ഗോവന്‍ തീരത്തെത്തിയ 16 ബോട്ടുകള്‍ കൊച്ചിയിലേക്ക് തിരിക്കുമെന്ന് ഗോവ വാസ്‌കോ തുറമുഖത്തെത്തിയ പ്രഫ. കെ വി തോമസ് എംപി അറിയിച്ചു. 16 ബോട്ടുകളും മല്‍സ്യത്തൊഴിലാളികളുമാണ് ഗോവന്‍ തീരത്തെത്തിയത്. ഇതില്‍ 12 ബോട്ടുകള്‍ ഇതിനകം തന്നെ നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. നാലു ബോട്ടുകളാണ് ഇന്നു യാത്ര തിരിക്കുന്നത്. ഓരോ ബോട്ടിനും 750 ലിറ്റര്‍ ഡീസലും 2500 രൂപയും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഗോവയിലെത്തിയ ഉദ്യോഗസ്ഥര്‍ കൈമാറിയിട്ടുണ്ട്. അതേസമയം, ഇന്നലെയും നേവിയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ പുറംകടലില്‍ തിരച്ചില്‍ നടത്തി. 21ഓളം ബോട്ടുകള്‍ നാവികസേന കണ്ടെത്തി. ഇത്രയും ബോട്ടുകളിലായി 180ഓളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് ആവശ്യമായ സഹായം സേന നല്‍കി. മറ്റു പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ വീണ്ടും മല്‍സ്യബന്ധനത്തിനായി പോയെന്നും നാവികസേന അറിയിച്ചു. ഇന്ത്യയില്‍നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ മാലദ്വീപില്‍ കുടുങ്ങിയിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് നാവികസേന ആ മേഖലയില്‍ ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഐഎന്‍എസ് കല്‍പേനി കൊച്ചിയില്‍നിന്നുള്ള ആറു മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയായിരുന്നു ഇന്നലെയും തിരച്ചില്‍ നടത്തിയത്. അതിനിടയില്‍ കണ്ടെത്തിയ ഗുജറാത്തില്‍നിന്നുള്ള അഞ്ചു മല്‍സ്യത്തൊഴിലാളികളെ സേന ഇന്നലെ കൊച്ചിയിലെത്തിച്ചു. ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച ലക്ഷദ്വീപില്‍ നേവിയുടെ നേതൃത്വത്തില്‍ കുടിവെള്ളം, ഭക്ഷണസാധനങ്ങള്‍, വസ്ത്രം, മരുന്ന് എന്നിവ എത്തിച്ചു.
Next Story

RELATED STORIES

Share it