Flash News

ഗോളടിമേളത്തോടെ ഫ്രാന്‍സ് തുടങ്ങി

ഗോളടിമേളത്തോടെ ഫ്രാന്‍സ് തുടങ്ങി
X

ഫ്രാന്‍സ് 7- കാലിഡോണിയ 1
അമിനെ ഗൗരിക്ക് ഇരട്ടഗോള്‍
ഫ്രാന്‍സിന് രണ്ട് സെല്‍ഫ് ഗോള്‍ സമ്മാനം

ഗുവാഹത്തി: ആദ്യമായി അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാനെത്തിയ ന്യൂ കാലിഡോണിയ സ്വപ്‌നത്തില്‍ പോലും ഇത്തരമൊരു തോല്‍വി പ്രതീക്ഷിച്ച് കാണില്ല. ഗുവാഹത്തി ഇന്ദിരാ ഗാന്ധി സ്‌റ്റേഡിയത്തില്‍ ഫ്രാന്‍സ് സര്‍വാധിപത്യം സ്ഥാപിച്ചപ്പോള്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ന്യൂ കാലിഡോണിയ തോല്‍വി ഏറ്റുവാങ്ങിയത്. ഒന്നാം പകുതിയില്‍ തന്നെ ആറ് ഗോളുകള്‍ കണ്ടെത്തിയ ഫ്രാന്‍സ് കാലിഡോണിയെ ചിത്രത്തിലേ ഇല്ലാതാക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
4-4-2 ശൈലിയില്‍ ബൂട്ട്് കെട്ടിയിറങ്ങിയ ഫ്രാന്‍സിനെ 4-5-1 ശൈലിയില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച കാലിഡോണിയയുടെ പദ്ധതി കളിക്കളത്തില്‍ തകര്‍ന്നടിഞ്ഞു. പന്തടക്കത്തിലും കളി മികവിലും കാല്‍പന്തിന്റെ സൗന്ദര്യം നിറച്ച് ഫ്രാന്‍സ് മുന്നേറിയപ്പോള്‍ അഞ്ചാം മിനിറ്റില്‍ തന്നെ ഫ്രാന്‍സിന്റെ അക്കൗണ്ടില്‍ ഗോള്‍ പിറന്നു. കാലിഡോണിയയുടെ ഗോള്‍മുഖത്തെ കൂട്ടച്ചൊരിച്ചിലിനിടയില്‍ കാലിഡോണിയന്‍ താരം ബര്‍ണാഡ് ഇവയുടെ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിനെ മുന്നിലെത്തിച്ചത്. ആദ്യ ഗോള്‍ വീണതോടെ കസറിക്കളിച്ച ഫ്രാന്‍സിന് വേണ്ടി 19ാം മിനിറ്റില്‍ അമിനെ ഗൗരി ലീഡുയര്‍ത്തി. ഇടത് വിങില്‍ നിന്ന് യാസിന്‍ അഡ്‌ലി മധ്യത്തിലേക്ക് നീട്ടി നല്‍കിയ പാസിനെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അമിനെ ഗൗരി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഫ്രാന്‍സ് 2-0 ന് മുന്നില്‍. മികച്ച പാസുകളും മിന്നല്‍ ഷോട്ടുകളുമായി മുന്നേറിയ ഫ്രാന്‍സ് നിരയുടെ ഷോട്ടുകള്‍ കാലിഡോണിയന്‍ ഗോള്‍മുഖത്ത് നിരന്തരം അപകടം സൃഷ്ടിച്ചു. ഫ്രാന്‍സിന്റെ വേഗക്കരുത്തിന് മുന്നില്‍ കാലിഡോണിയയുടെ പ്രതിരോധം കാഴ്ചക്കാരായപ്പോള്‍ 30ാം മിനിറ്റില്‍ ക്ലൗഡിയോ ഗോമസ് ഫ്രാന്‍സിന്റെ ലീഡുയര്‍ത്തി. നീട്ടിക്കിട്ടിയ പാസിനെ അമിനെ ഗൗരി പിടിച്ചെടുക്കുമ്പോള്‍ മുന്നില്‍  കാലിഡോണിയന്‍ ഗോളി മാത്രം. വലത് വിങില്‍ നിന്ന ഗോമസിന് ഗൗരി പാസ് നല്‍കിയപ്പോള്‍ അനായാസം ഗോളിയെ മറികടന്ന് പന്ത് വലയില്‍. ഫ്രാന്‍സ് 3-0ന് മുന്നില്‍.
മൂന്നാം ഗോള്‍ പിറന്ന് മൂന്ന് മിനിറ്റ് ചേരും മുമ്പേ വീണ്ടും ഫ്രാന്‍സ് വലകുലുക്കി. യാസിന്‍ അഡ്‌ലി വലത് വിങിലേക്ക് നല്‍കിയ പന്തിനെ അമിനെ ഗൗരി നിഷ്പ്രയാസം വലയിലാക്കുകയായിരുന്നു. പ്രതിരോധത്തില്‍ പിഴവുകള്‍ മാത്രം വരുത്തി കാലിഡോണിയ കളി തുടര്‍ന്നപ്പോള്‍ ഫ്രാന്‍സ് വീണ്ടും വീണ്ടും ഗോളുകള്‍ വാരിക്കൂട്ടി. 40ാം മിനിറ്റില്‍ മാക്‌സെന്‍സ് കാക്യുറെറ്റാണ് ഫ്രാന്‍സിന്റെ അഞ്ചാം ഗോള്‍ സ്വന്തമാക്കിയത്. വലത് വിങില്‍ നിന്ന് ഉയര്‍ന്നെത്തിയ പന്തിനെ യാസിന്‍ അഡ്‌ലി ഹെഡ് ചെയ്തത് പിഴച്ചെങ്കിലും ഗോള്‍ പോസ്റ്റിന് മുന്നില്‍ നിന്ന് കാക്യുറെറ്റ് ലക്ഷ്യം പിഴക്കാതെ പന്ത് വലയിലെത്തിച്ചു. ഫ്രാന്‍സ് 5-0ന് മുന്നില്‍. ഒന്നാം പകുതിക്ക് വിസില്‍ മുഴങ്ങുന്നതിന് തൊട്ട് മുമ്പ് വീണ്ടും ഫ്രാന്‍സിന് സെല്‍ഫ് ഗോള്‍ സമ്മാനം. കാലിഡോണിയ താരം കിയാം വാനെസ്സിയുടെ പിഴിലൂടെയാണ് ഫ്രാന്‍സ് അക്കൗണ്ടിലേക്ക് ആറാം ഗോള്‍ ചേര്‍ത്തത്. ഒന്നാം പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ മറുപടിയില്ലാത്ത ആറ് ഗോളിന്റെ ആവേശത്തോടെയാണ് ഫ്രാന്‍സ് കളം പിരിഞ്ഞത്.
72 ശതമാനം സമയത്തും പന്ത് കൈയടക്കിവെച്ച ഫ്രാന്‍സ് 31 തവണയാണ് കാലിഡോണിയ ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചത്. 17 തവണ കാലിഡോണിയ ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിക്കുകയും ചെയ്തു. അതേ സമയം അഞ്ച് തവണ മാത്രം ഫ്രാന്‍സ് ഗോള്‍മുഖത്തേക്ക് പന്തെത്തിച്ച കാലിഡോണിയക്ക് രണ്ട് തവണ മാത്രമാണ് ഫ്രാന്‍സ് ഗോള്‍ പോസ്റ്റിലേക്ക് ഷോട്ടെടുക്കാനായത്.
രണ്ടാം പകുതിയിലും നിരവധി അവസരങ്ങള്‍ ഫ്രാന്‍സിന് ലഭിച്ചു. 54ാം മിനിറ്റില്‍ വീണ് കിട്ടിയ പെനല്‍റ്റിയെ കിക്കെടുത്ത മാക്‌സെന്‍സ് കാക്യുറെറ്റിന് പിഴച്ചില്ലായിരുന്നെങ്കില്‍ ഫ്രാന്‍സിന്റെ അക്കൗണ്ടിലെ ഗോളുകളുടെഎണ്ണം വീണ്ടും ഉയര്‍ന്നേനെ. ആശ്വാസ ഗോളിനായി വിയര്‍ത്ത് കളിച്ച കാലിഡോണിയയുടെ പ്രയത്‌നം 90ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ഇടത് വിങില്‍ നിന്ന് സിറില്‍ നൈപ്പി എടുത്ത ഫ്രീകിക്കിനെ  കാമറോണ്‍ വാഡന്‍ഗസ് വലയിലാക്കുകയായിരുന്നു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ വീണ്ടും ഗോള്‍ നേടിയ ഫ്രാന്‍സ് പട്ടികയില്‍ ഏഴ് ഗോളുകള്‍ നിറച്ചു. വില്‍സണ്‍ ലിഡോറാണ് ഫ്രാന്‍സിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. മൈതാനത്ത് ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 7-1 ന്റെ ആഘോഷ ജയവും സ്വന്തമാക്കിയാണ് ഫ്രാന്‍സ് ബൂട്ടഴിച്ചത്. ജയത്തോടെ ഗ്രൂപ്പ് ഇയില്‍ മൂന്ന് പോയിന്റുകള്‍ ഫ്രാന്‍സ് അക്കൗണ്ടിലാക്കി.
Next Story

RELATED STORIES

Share it