Flash News

ഗോളടിമേളത്തോടെ കേരളം തുടങ്ങി

ഗോളടിമേളത്തോടെ കേരളം തുടങ്ങി
X

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ട് പോരാട്ടത്തില്‍ കേരളത്തിന് വിജയത്തുടക്കം. ഗ്രൂപ്പ് എയില്‍ ഛത്തിസ്ഗഡിനെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ തകര്‍ത്തുവിട്ടത്. ഇരട്ട ഗോളുകളുമായി കളം വാണ എംഎസ് ജിതിനാണ് കേരളത്തിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. സജിത്ത്, ശ്രീകുട്ടന്‍, അഫ്ദാല്‍ എന്നിവരാണ് കേരളത്തിന്റെ മറ്റ് സ്‌കോറര്‍മാര്‍.
യുവതാരങ്ങളുമായി കൊല്‍ക്കത്തയിലേക്ക് വണ്ടികയറിയ കേരളം 11ാം മിനിറ്റില്‍ത്തന്നെ അക്കൗണ്ട് തുറന്നു. ജിതിനായിരുന്നു കേരളത്തിനുവേണ്ടി ലക്ഷ്യം കണ്ടത്. തുടക്കത്തിലെ ലഭിച്ച ലീഡിന്റെ ആനുകൂല്യം നന്നായി മുതലെടുത്ത കേരളം ആദ്യ പകുതിക്ക് മുമ്പ് രണ്ടാം ഗോളും അക്കൗണ്ടിലാക്കി. സൈഡ് ലൈനില്‍ നിന്ന് ലഭിച്ച ക്രേസിനെ ലക്ഷ്യം പിഴക്കാതെ വലയിലാക്കി സജിത്താണ് കേരളത്തിന്റെ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തത്. ഇതോടെ ആദ്യ പകുതി പിരിയുമ്പോള്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന്റെ ആധിപത്യവും കേരളത്തിനായിരുന്നു.
രണ്ടാം പകുതിയിലും സര്‍വാധിപത്യം തുടര്‍ന്ന കേരളത്തിനുവേണ്ടി അഫ്ദാല്‍ മൂന്നാം ഗോള്‍ സമ്മാനിച്ചു. മഞ്ഞക്കാര്‍ഡ് ലഭിച്ചതിന് പിന്നാലെയായിരുന്നു അഫ്ദാലിന്റെ ഗോള്‍ നേട്ടം. അധികം വൈകാതെ കേരളത്തിന് ആദ്യ ഗോള്‍ സമ്മാനിച്ച ജിതിന്റ കാലുകള്‍ വീണ്ടും ലക്ഷ്യം കണ്ടതോടെ കേരളത്തിന്റെ അക്കൗണ്ടില്‍ നാല് ഗോളുകള്‍ പിറന്നു. ഇരട്ട ഗോളുകള്‍ നേടിയതോടെ ജിതിനെ പിന്‍വലിച്ച് ശ്രീക്കുട്ടനെ കേരളം കളത്തിലിറക്കി. തീരുമാനം ശരിയാണെന്ന് തെളിയിച്ച് ശ്രീക്കുട്ടനും കേരളത്തിനായി ലക്ഷ്യം കണ്ടു. പിന്നീട് കളി തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ ചത്തീസ്ഗഡ് തങ്ങളുടെ ആശ്വാസ ഗോള്‍ കണ്ടെത്തി. വിശാല്‍ ശര്‍മയാണ് ചത്തീസ്ഗഡിനായി ലക്ഷ്യം കണ്ടത്. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 5-1ന്റെ ജയത്തോടെ ഫൈനല്‍ റൗണ്ടിലെ ആദ്യ മല്‍സരം കേരളം ഗംഭീരമാക്കി.
മഹാരാഷ്ട്രയും മണിപ്പൂരും പശ്ചിമബംഗാളും ഉള്ള എ ഗ്രൂപ്പിലാണ് കേരളം പോരാട്ടത്തിനിറങ്ങുന്നത്. ബി ഗ്രൂപ്പില്‍ ഗോവ, കര്‍ണാടക, മിസോറാം, ഒഡിഷ, പഞ്ചാബ് ടീമുകള്‍ മാറ്റുരയ്ക്കും. ദക്ഷിണ മേഖലാ റൗണ്ടില്‍ ഗ്രൂപ്പ് ചാംപ്യന്മാരായാണ് കേരള ടീം കൊല്‍ക്കത്തയിലെത്തിയത്. രാഹുല്‍ വി രാജിന്റെ നേതൃത്വത്തിലുള്ള 20 അംഗ ടീമില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. മിഡിഫീല്‍ഡര്‍ സീസണാണ് ഉപനായകന്‍. ടീമിന്റെ പരിശീകലന്‍ സതീവ് ബാലനാണ്.
Next Story

RELATED STORIES

Share it