wayanad local

ഗോത്രബന്ധു-ഗോത്രജീവിക പദ്ധതികള്‍ക്ക് തുടക്കം



കല്‍പ്പറ്റ: ആദിവാസി സമൂഹത്തിലെ കുട്ടികള്‍ക്ക് വിദ്യാലയങ്ങളോടുള്ള അകല്‍ച്ച കുറയ്ക്കുകയും അതുവഴി കൊഴിഞ്ഞുപോക്ക് തടയുകയും ചെയ്യാനായി ആവിഷ്‌കരിച്ച ഗോത്രബന്ധു പദ്ധതിക്കും ഈ വിഭാഗത്തില്‍പെട്ടവരുടെ ജീവനോപാധി ഉറപ്പാക്കുന്നതിനുള്ള ഗോത്രജീവിക പദ്ധതിക്കും സര്‍ക്കാരിന്റെ  ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമാരംഭം കുറിച്ചു. രണ്ടാംവര്‍ഷ പ്രഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ്പ്, ഗോത്രവിഭാഗക്കാര്‍ ഉള്‍പ്പെട്ട കുടുംബശ്രീകള്‍ക്കുള്ള റിവോള്‍വിങ് ഫണ്ട് വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഗോത്രബന്ധു പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ ആദിവാസികള്‍ക്കിടയിലെ കൊഴിഞ്ഞുപോക്ക് ഇല്ലാതാവുകയും വിദ്യാലയങ്ങള്‍ ഗോത്രസൗഹൃദമാവുകയും ചെയ്യുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മെന്റര്‍ ടീച്ചര്‍മാര്‍ക്ക് ഊരുകളെയും വിദ്യാലയങ്ങളെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരായി പ്രവര്‍ത്തിക്കാനാവും. പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ ഒരാള്‍ പോലും ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഗോത്രജീവിക പദ്ധതിയുമായി നീങ്ങുന്നത്. ഇതിനകം 440 കോടി രൂപയാണ് ആദിവാസി പുനരധിവാസത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. 4500 കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം അനുവദിച്ചു. പട്ടികജാതി-വര്‍ഗക്കാര്‍ക്കായി സ്ഥാപിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഫലപ്രദമാണെന്നു ബോധ്യമായിട്ടുണ്ട്. ഈ വിഭാഗങ്ങള്‍ക്കായി ഹോസ്റ്റല്‍ സൗകര്യം ഇനിയും വര്‍ധിപ്പിക്കും. പാലക്കാട്ട് കായികമികവ് പുലര്‍ത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് സ്‌കൂള്‍ തുടങ്ങും. കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പട്ടികവര്‍ഗ ഉപപദ്ധതിക്കായി വകയിരുത്തുന്നത് ഓരോ വര്‍ഷവും കുറഞ്ഞുവരികയാണെന്നും ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടതിന്റെ പകുതി പോലും വകയിരുത്തുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍, കേരളം ഇക്കാര്യത്തില്‍ വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇവിടെ ജനസംഖ്യാനുപാതത്തെക്കാള്‍ എത്രയോ കൂടുതലാണ് പട്ടികവര്‍ഗ വികസനത്തിന് തുക അനുവദിക്കുന്നത്. വനാവകാശ നിയമം നടപ്പാക്കിയതോടെ ആദിവാസി ഭൂപ്രശ്‌നം പരിഹരിക്കാനാവുമായിരുന്നെങ്കിലും ഈ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ ഉണ്ടായില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.  ഗോത്രബന്ധു പദ്ധതിപ്രകാരം ഇന്നു മുതല്‍ സ്‌കൂളുകളിലെത്തുന്ന 241 മെന്റര്‍ ടീച്ചര്‍മാര്‍ക്ക് നിയമനോത്തരവ് മുഖ്യമന്ത്രി നല്‍കി. ഗോത്രജീവിക പദ്ധതിയുടെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. പട്ടികവിഭാഗ ക്ഷേമ മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എം ഐ ഷാനവാസ് എംപി, എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഐ സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, എഡിഎം കെ എം രാജു, പട്ടികജാതി-വര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി പുകഴേന്തി, ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ വാണിദാസ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it