ഗൊഗോയ് മാജിക് മാഞ്ഞു; അസമില്‍ ഇനി സോനോവാല്‍ യുഗം

ഗുവാഹത്തി: അസമില്‍ മൂന്നുതവണ കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ എത്തിച്ച തരുണ്‍ ഗൊഗോയിയുടെ 'മാജിക്' ഇത്തവണ ഏശിയില്ല. സായുധ കലാപത്തിന്റെ പാതയില്‍ സഞ്ചരിച്ചിരുന്ന ഉള്‍ഫയെ ചര്‍ച്ചയുടെ വഴിയിലെത്തിക്കുകയും അസമിനെ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുകയും ചെയ്ത ഗൊഗോയിയുടെ മൂന്നാമൂഴം വിമത ശല്യം നിറഞ്ഞതായിരുന്നു. ഹിമന്ത ബിശ്വസര്‍മയായിരുന്നു പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ മുഖ്യ എതിരാളി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് ഗൊഗോയിയുടെ കഷ്ടകാലം തുടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമാക്കി, സര്‍മ ചരടുവലി തുടങ്ങി. ഒരു വിഭാഗം പാര്‍ട്ടി എംഎല്‍എമാരും സര്‍മയുടെ പിന്നില്‍ അണിനിരന്നു. എന്നാല്‍, ഹൈക്കമാന്റിന്റെ പിന്തുണ ഗൊഗോയിക്കായിരുന്നു. അതുകൊണ്ടു മാത്രമാണ് അദ്ദേഹത്തിന് ഭരണത്തില്‍ തുടരാനായത്. എന്നാല്‍, നിയമസഭാതിരഞ്ഞെടുപ്പില്‍ ഗൊഗോയിയുടെ അടിപതറി.
അതില്‍ വിമതരുടെ പങ്ക് എത്രത്തോളമാണെന്നാണ് ഇനി അറിയാനുള്ളത്. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം മുഖ്യ വിഷയമാക്കിയാണ് ബിജെപി പ്രചാരണം നടത്തിയത്. അതും ഗൊഗോയിക്ക് പ്രതികൂലമായി. ഇനി സര്‍ ബാനന്ദ സോനോവാളിന്റെ യുഗമാണ്. എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അദ്ദേഹമാണ്. ശുദ്ധമായ പ്രതിച്ഛായയാണ് സോനോവാളിനുള്ളത്. തിരഞ്ഞെടുപ്പില്‍ അതും പ്രതിഫലിച്ചിരിക്കാം.
2011ലാണ് സോനോവാള്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി സഭയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത് പാര്‍ട്ടിയില്‍ പലര്‍ക്കും രസിച്ചിരുന്നില്ല. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്കെട്ടായിരുന്നു. വടക്കുകിഴക്കന്‍ മേഖലയില്‍ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ചതിന്റെ ഖ്യാതി സോനോവാളിന് അവകാശപ്പെട്ടതാണ്. 1992 മുതല്‍ 1999 വരെ ആള്‍ അസം സ്റ്റുഡന്റ് യൂനിയന്റെ പ്രസിഡന്റായിരുന്ന സോനോവാള്‍ നിയമ ബിരുദധാരിയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് അദ്ദേഹം സംസ്ഥാന ബിജെപി അധ്യക്ഷനായി ചുമതലയേറ്റത്. അസം ഗണപരിഷത്തിന്റെ സ്ഥാനാര്‍ഥിയായി 2001ല്‍ സോനോവാള്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2004ല്‍ മുന്‍ കേന്ദ്രമന്ത്രി പഞ്ചന്‍സിങ് ഗട്ടോവറെ തോല്‍പിച്ചാണ് അദ്ദേഹം ലോക്‌സഭയിലെത്തിയത്. എന്നാല്‍, 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗട്ടോവറിനോട് തോറ്റു.
2011ല്‍ അസംഗണപരിഷത്ത് വിട്ടാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. സോനോവാളിന്റെ നേതൃത്വത്തില്‍ 2014ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സംസ്ഥാനത്തു നിന്ന് ഏഴു സീറ്റുകള്‍ നേടാനായി. മികച്ച കളിക്കാരന്‍ കൂടിയാണ് സോനോവാള്‍. ഫുട്‌േബാള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍ തുടങ്ങിയ കളികള്‍ അദ്ദേഹത്തിന് ഹരമാണ്.
Next Story

RELATED STORIES

Share it