Flash News

ഗെയില്‍ : സര്‍ക്കാര്‍ ഉത്തരവില്‍ അപാകതയില്ലെന്നു ഹൈക്കോടതി



കൊച്ചി: ഗെയിലിന്റെ എല്‍എ ന്‍ജി പൈപ്പ് ലൈനിനുവേണ്ടി വിവിധ വകുപ്പുകളുടെ പൊതു അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ അപാകതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഏകജാലക ക്ലിയറിങ് വിന്‍ഡോ മുഖേന വിവിധ വകുപ്പുകള്‍ നല്‍കേണ്ട അനുമതി ഒരുമിച്ച് പരിഗണിച്ചു നല്‍കിയതടക്കം ചോദ്യംചെയ്ത് പാലക്കാട് വാളയാര്‍ സ്വദേശി എം മുരുകനാഥന്‍ ഉള്‍പ്പെടെ 33 പേര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഏകജാലക ക്ലിയറിങ് ബോ ര്‍ഡ് നടപടിക്രമങ്ങള്‍ പാലിച്ചാണ് അനുമതി നല്‍കിയത്. മുന്‍കൂര്‍ നോട്ടീസ് നല്‍കി നിയമാനുസൃതമായാണ് ഗെയില്‍ പൈപ്പ് സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചത്. ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. നെല്‍പ്പാടങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചശേഷം മണ്ണിട്ട് നികത്താന്‍ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഗെയില്‍ അധികൃതര്‍ കലക്ടറുടെ അനുമതി തേടിയതിലും തെറ്റില്ല. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച തര്‍ക്കം സിംഗിള്‍ബെഞ്ചിന്റെ പരിഗണനയ്ക്കു തിരിച്ചുവിടണമെന്ന ഹരജിക്കാരുടെ ആവശ്യത്തില്‍ കഴമ്പില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 1962ലെ പെട്രോളിയം ആന്റ് മിനറല്‍സ് പൈപ്പ് ലൈ ന്‍സ് (ഭൂമി ഉപയോഗിക്കാനുള്ള അവകാശം ഏറ്റെടുക്കല്‍) നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമാണെന്ന വാദം ഹരജിക്കാര്‍ ഉയര്‍ത്തിയിരുന്നു. പൈപ്പിടുന്ന ഭൂമിയുടെ അവകാശം ഏറ്റെടുക്കുന്ന തരത്തിലുള്ള ഈ വ്യവസ്ഥ ഭരണഘടനയ്ക്ക് വിരുദ്ധമല്ലെന്ന് നേരത്തെ തന്നെ മറ്റൊരു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹരജിക്കാരുടെ ഈ പരാതി പരിഗണിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളിയത്.
Next Story

RELATED STORIES

Share it