ഗെയില്‍ പൈപ്പ്‌ലൈന്‍: സര്‍ക്കാരിനെതിരേ സിപിഎം ഭരിക്കുന്ന പഞ്ചായത്ത്

മുക്കം: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈനിനെതിരേ കാരശ്ശേരി പഞ്ചായത്ത് ഭരണസമിതി. ഇന്നലെ ചേര്‍ന്ന ഭരണസമിതി യോഗം പൈപ്പ് ലൈനിനെതിരേ ഐകകണ്‌ഠ്യേന തീരുമാനമെടുത്തു.
പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പിന്നാലെയാണ് പഞ്ചായത്തിന്റെ നിലപാട്. വിഷയത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റണമെന്നും ജനവാസ മേഖലകളെ ഒഴിവാക്കി ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്നും പ്രസിഡന്റ് വി കെ വിനോദിന്റെ അധ്യക്ഷതയില്‍ നടന്ന ഭരണസമിതി യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും എംഎല്‍എക്കും നിവേദനം നല്‍കാനും ഭരണസമിതി യോഗം തീരുമാനിച്ചു. ജനവാസ മേഖലകളിലൂടെ കടന്നുപോവുന്ന പൈപ്പ് ലൈനിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ നേരത്തേ കത്ത് നല്‍കിയിരുന്നു.
ജില്ലയില്‍ താമരശ്ശേരി, ഓമശ്ശേരി, കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലൂടെയും മുക്കം നഗരസഭയിലൂടെയുമാണ് പൈപ്പ് ലൈന്‍ കടന്നു പോവുന്നത്. മറ്റു ജില്ലകളില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ടുപോയെങ്കിലും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ എതിര്‍പ്പ് വളരെ ശക്തമാണ്.
Next Story

RELATED STORIES

Share it