kozhikode local

ഗെയില്‍ പദ്ധതി : ജനകീയ സമരത്തെ മറികടക്കാന്‍ സര്‍വകക്ഷി യോഗമെന്ന പ്രഹസനം



കോഴിക്കോട്: ഗെയില്‍ പദ്ധതി പ്രദേശത്ത് നടക്കുന്ന ജനകീയ പ്രതിരോധത്തെ മറികടക്കാന്‍ സര്‍വകക്ഷി യോഗമെന്ന പ്രഹസനവുമായി സര്‍ക്കാര്‍. വ്യവസായ മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം കൈക്കൊണ്ടു എന്നുപറയുന്ന തീരുമാനങ്ങളില്‍ മിക്കതും രണ്ട് വര്‍ഷം മുമ്പ് തന്നെ ഗെയില്‍ അധികൃതര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചവയാണെന്നു വ്യക്തമായി. കുറഞ്ഞ ഭൂമിയുള്ള വരുടെ കാര്യത്തില്‍ 20 മീറ്റര്‍ എന്ന നിബന്ധന ഒഴിവാക്കാമെന്നും അവിടങ്ങളില്‍ പൈപ്പ് സ്ഥാപിക്കാനാവശ്യമായ ഭൂമിമാത്രം ഏറ്റെടുക്കാമെന്നുമുള്ള മിക്ക കാര്യങ്ങളും വര്‍ഷങ്ങള്‍ക്ക് മുമ്പേ ഗെയില്‍ അധികൃതര്‍ സര്‍ക്കാറിനു സമര്‍പ്പിച്ച റിപോര്‍ട്ടില്‍ അംഗീകരിച്ചതാണ്. കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖത്തില്‍ ഗെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. എം വിജു ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്നലെ നടന്ന സര്‍വകക്ഷി യോഗ തീരുമാനം എന്ന നിലയില്‍ മന്ത്രി അവതരിപ്പിച്ച കാര്യങ്ങളില്‍ പലതും ഡോ. എം വിജു മുഖാമുഖത്തില്‍ അംഗീകരിച്ച കാര്യമെന്ന നിലയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പദ്ധതി പ്രദേശത്തെ കൃഷിയിടങ്ങളുടെ കാര്യത്തില്‍ പ്രത്യേക പാക്കേജ്, കുറഞ്ഞ ഭൂമിയുള്ളവരില്‍ നിന്ന് പൈപ്പ് സ്ഥാപിക്കാന്‍ ആവശ്യമുള്ള മിനിമം സ്ഥലം ഏറ്റെടുക്കല്‍, സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം നല്‍കാനുള്ള സന്നദ്ധത എന്നിവ രണ്ടു വര്‍ഷം മുമ്പ് ജില്ലാ കലക്ടര്‍ വഴി സര്‍ക്കാറിനു സമര്‍പ്പിച്ചിരുന്നു എന്നാണ് ഗെയില്‍ പ്രതിനിധി പ്രസ് ക്ലബ്ബിലെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞിരുന്നത്. ഇന്നലെ സര്‍വകക്ഷി യോഗത്തിനു ശേഷം മന്ത്രി എ സി മൊയ്തീന്‍ പ്രഖ്യാപിച്ച പാ ക്കേജുകളില്‍ പ്രധാനപ്പെട്ടവയും ഇതുതന്നെയായിരുന്നു. ഈ കാര്യങ്ങളെല്ലാം സമ്മതിച്ചുകൊണ്ട് ഗെയില്‍ അധികൃതര്‍ രണ്ടു വര്‍ഷം മുമ്പ്് സര്‍ക്കറിന് റിപോര്‍ട്ട് സമര്‍പ്പിച്ച കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യം അറിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഗെയില്‍ ഡെപ്യൂട്ടി ജനറല്‍മാനേജര്‍ എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങിനെ പറഞ്ഞത് എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു. ഇരകള്‍ മുന്നോട്ടുവക്കുന്ന സുപ്രധാന വിഷയങ്ങള്‍ തള്ളിക്കളഞ്ഞ്, ഗെയില്‍ അധികൃതര്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ അംഗീകരിക്കാന്‍ തയ്യാറായ കാര്യങ്ങള്‍ പുതിയ തീരുമാനമായി അവതരിപ്പിക്കുകയായിരുന്നു സര്‍വ കക്ഷി യോഗത്തിലൂടെ സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ഇതിലൂടെ വ്യക്തമാണ്. ഭൂ ഉടമകള്‍ക്കും വില്ലേജ് ഓഫിസുകള്‍ക്കും ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പ് നോട്ടീസ് നല്‍കാതിരുന്ന ഗെയിലിന്റെ ചട്ടവിരുദ്ധ നടപടികള്‍ ചൂണ്ടിക്കാട്ടിയിട്ടും ഇതിനെതിരേ ഒരു വിമര്‍ശനവും മന്ത്രിയുടെ  ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. സമരം ശ്കതമാവുന്ന സാഹചര്യത്തില്‍, ജനങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ ചര്‍ച്ചക്കു തയ്യാറാണ് എന്നു വരുത്തുക എന്നതില്‍ കവിഞ്ഞ് പുതിയ കാര്യങ്ങളൊന്നും സര്‍വകക്ഷി യോഗത്തില്‍ ഉണ്ടായിട്ടില്ല എന്നാണ് സമരം നടത്തുന്ന ജനങ്ങളുടെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it