ഗെയില്‍ അടക്കം നാലു വന്‍ പദ്ധതികളുടെ ഉദ്ഘാടനം ഈ വര്‍ഷം

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളം, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി, കൊച്ചി ഇടമണ്‍ വൈദ്യുതിലൈന്‍, ആലപ്പുഴ, കൊല്ലം ബൈപാസുകള്‍ എന്നീ വന്‍കിട പശ്ചാത്തല പദ്ധതികള്‍ ഈ വര്‍ഷം ഉദ്ഘാടനം ചെയ്യുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഗെയില്‍ പദ്ധതിയോടനുബന്ധിച്ച് സിറ്റി ഗ്യാസ് പദ്ധതിയും നടപ്പാക്കും.പൊതുമരാമത്ത് വകുപ്പില്‍ ഇപ്പോള്‍ 10,000 കോടി രൂപയുടെ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിനായി 2017-18ല്‍ 1544.84 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നതെങ്കിലും ഇതിനകം 1559.77 കോടി രൂപ ചെലവഴിച്ചു. ഇതിനു പുറമേയാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 24390 കോടി രൂപയുടെ 561 നിര്‍മാണ പ്രവര്‍ത്തികള്‍. ഇതില്‍ 5379 കോടി രൂപയ്ക്കുളള 148 പ്രവര്‍ത്തികള്‍ക്ക് അംഗീകാരം നല്‍കി. ബാക്കിയുള്ളവയ്ക്ക് 2018-19ല്‍ അംഗീകാരം നല്‍കും. 2018-19ല്‍ 1451 രൂപയാണ് റോഡുകള്‍ക്കും പാലങ്ങള്‍ക്കും വേണ്ടി വകയിരുത്തിയിട്ടുള്ളത്. ഇതിനുപുറമെ വന്‍കിട പദ്ധതികള്‍ക്ക് വേണ്ടി ഒറ്റ ഹെഡിലായി നീക്കിവച്ചിരിക്കുന്ന 1649 കോടി രൂപയില്‍ നിന്ന് മറ്റൊരു 250 കോടി രൂപ കൂടി പൊതുമരാമത്ത് വകുപ്പിന് ലഭ്യമാക്കും. 2018-19ല്‍ 234 കോടി രൂപയുടെ 16 പ്രവര്‍ത്തികള്‍ക്ക് കൂടി അനുമതി നല്‍കും. കൊല്ലം- ആലപ്പുഴ ബൈപാസുകള്‍ക്ക് വേണ്ടി വരുന്ന 700 കോടി രൂപയില്‍ 350 കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് ചെലവഴിക്കുന്നത്. 2020 ആകുമ്പോഴേക്കും കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനായി സംസ്ഥാനത്ത് ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക്ക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം നടപ്പാക്കും. പൊതുമേഖലാ മരുന്നു നിര്‍മാണ കമ്പനിയായ കെഎസ്ടിപിയുടെ രണ്ടാംഘട്ട പ്രവര്‍ത്തികള്‍ക്ക് 510 കോടി രൂപ വകയിരുത്തി. 54 കോടി രൂപ മുതല്‍ മുടക്ക് വരുന്ന ഇഞ്ചേക്ടബിള്‍സ് ഫാക്ടറിക്ക് ഏപ്രിലില്‍ തറക്കല്ലിടും.
Next Story

RELATED STORIES

Share it