Flash News

ഗൂര്‍ഖാലാന്‍ഡ്: ജിടിഎയില്‍ നിന്ന് 45 അംഗങ്ങള്‍ രാജിവച്ചു



ഡാര്‍ജിലിങ്: ഗുര്‍ഖാലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷനില്‍ (ജിടിഎ) നിന്ന് ചീഫ് എക്‌സിക്യൂട്ടീവ് ബിമല്‍ ഗുരൂങ് അടക്കം തിരഞ്ഞെടുക്കപ്പെട്ട 45 അംഗങ്ങളും രാജിവച്ചു. പ്രത്യേക ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച (ജിജെഎം) യിലെ അംഗങ്ങളാണ് രാജിവച്ചവരെല്ലാം. രാജിക്കത്തുകള്‍ ജിടിഎ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയക്കുമെന്ന് ജിജെഎം ജനറല്‍ സെക്രട്ടറി റോഷന്‍ ഗിരി അറിയിച്ചു. ജിടിഎയെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അസംബന്ധമാക്കി മാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു.ത്രികക്ഷി ജിടിഎ കരാറില്‍ നിന്ന് ജിജെഎം പിന്‍വാങ്ങുന്നതിന് ഡാര്‍ജിലിങ് കുന്നുകളിലെ സര്‍വകക്ഷിയോഗം തീരുമാനിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് രാജി. ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം വേണമെന്ന ആവശ്യത്തിന് ഡാര്‍ജിലിങിലെ എല്ലാ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 2012 മുതല്‍ ജിടിഎ ഭരിക്കുന്നത് ജിജെഎമ്മാണ്. ഈമാസമൊടുവിലാണ് ജിടിഎയുടെ അഞ്ചുവര്‍ഷത്തെ കാലാവധി അവസാനിക്കുന്നത്. ജിടിഎ സ്ഥാപിക്കുന്നതിനുള്ള ത്രികക്ഷി കരാര്‍ 2011ലാണ് ഒപ്പുവച്ചത്.അതേസമയം, ഡാര്‍ജിലിങ് കുന്നുകളില്‍ അനിശ്ചിതകാല ബന്ദിന് ആഹ്വാനം ചെയ്ത ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാവ്  ബിമല്‍ ഗുരൂങിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും നോട്ടീസ് അയക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശം. ആക്റ്റിങ് ചീഫ് ജസ്റ്റിസ് നിഷിതാ മാത്ര, ജസ്റ്റിസ് ടി ചക്രബര്‍ത്തി എന്നിവരടങ്ങിയ ബെഞ്ചാണ് ഡാര്‍ജിലിങ് പോലിസ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗുരൂങിന് വ്യക്തിപരമായി നേരിട്ട് നോട്ടീസ് നല്‍കാന്‍ സാധിച്ചില്ലെങ്കില്‍  സംഘടനാ ഓഫിസിന്റെ ചുവരില്‍ നോട്ടീസും ബന്ദിനെതിരായ ഹരജിയുടെ പകര്‍പ്പും പതിക്കാനും അത് വീഡിയോയില്‍ പകര്‍ത്തണെന്നും നിര്‍ദേശമുണ്ട്. വിഷയത്തില്‍ ഗുരൂങിന്  നോട്ടീസയക്കാന്‍ കഴിഞ്ഞ ആഴ്ച കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇ മെയില്‍ അടക്കം യാതൊരു വിധത്തിലും ഗുരൂങിന്  നോട്ടീസ് അയക്കാന്‍ കഴിഞ്ഞില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം. ഡാര്‍ജിലിങില്‍ ജനജീവിതം സാധാരണ ഗതിയിലാണെന്ന് ഉറപ്പുവരുത്താന്‍ ഇക്കഴിഞ്ഞ 16ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it