ഗൂഢാലോചനയില്‍ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

കൊച്ചി: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ ഗൂഢാലോചന സംബന്ധിച്ച് എടച്ചേരി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍.
കൊലക്കേസില്‍ നേരത്തെ വിചാരണക്കോടതി വിധിപറഞ്ഞതാണ്. ആവര്‍ത്തിച്ചുള്ള അന്വേഷണങ്ങള്‍ അനാവശ്യമാണ്. ഗൂഢാലോചന സംബന്ധിച്ച് രണ്ടുതവണ അന്വേഷണം നടത്തി വിചാരണ പൂര്‍ത്തിയായി വിധി പറഞ്ഞതാണ്. ഇതേ വിഷയത്തില്‍ മൂന്നാമത്തെ കേസാണ് എടച്ചേരി പോലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നു വ്യക്തമായ കാരണങ്ങള്‍ നിരത്തി സിബിഐ അറിയിച്ച സാഹചര്യത്തില്‍ 2014 ഫെബ്രുവരിയില്‍ സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിച്ച സിബിഐ അന്വേഷണ വിജ്ഞാപനം നിലനില്‍ക്കുന്നതല്ലെന്നും ആഭ്യന്തര അണ്ടര്‍ സെക്രട്ടറി എം പി പ്രിയമോള്‍ നല്‍കിയ സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിെഎക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ കെ കെ രമ നല്‍കിയ ഹരജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.
2012 മെയ് നാലിന് ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഗൂഢാലോചന ഉള്‍പ്പെടെ 12 വകുപ്പുകള്‍ ചേര്‍ത്ത് വടകര പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായി സത്യവാങ്മൂലത്തില്‍ പറയുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. 70 പേരെ പ്രതിചേര്‍ത്ത് അന്തിമ റിപോര്‍ട്ട് നല്‍കി. 2014 ജനുവരി 28ന് വിധിയില്‍ ചിലരെ ശിക്ഷിച്ചു. കുറേ പേരെ വിട്ടയച്ചു. ഇതിനു പിന്നാലെ ഗൂഢാലോചന ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ ചേര്‍ത്ത് മറ്റൊരു കേസ് ചോമ്പാല പോലിസ് രജിസ്റ്റര്‍ ചെയ്തു. ഇതും ക്രൈംബ്രാഞ്ച് അന്വേഷിച്ച് 15 പേരെ പ്രതിയാക്കി അന്തിമ റിപോര്‍ട്ട് നല്‍കി. 2015 സപ്തംബര്‍ 11ന് കോഴിക്കോട് അഡീ. സെഷന്‍സ് കോടതി എല്ലാ പ്രതികളെയും വെറുതെവിട്ട് ഉത്തരവിട്ടു. പിന്നീട് കെ കെ രമ ഗൂഢാലോചന സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കി. ഇതിന്‍മേല്‍ അന്നത്തെ അഡ്വക്കറ്റ് ജനറലിന്റെയും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെയും നിയമോപദേശം തേടി.
കുറ്റപത്രം നല്‍കിയ ഒരു കേസില്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിയമപരമായി കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി 2014 ജനുവരി ആറിന് ഡിജിപി നിയമോപദേശം നല്‍കി. എന്നാല്‍, ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്ന രമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പുതിയ എഫ്‌െഎആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും അന്വേഷണം സിബിഐക്ക് വിടാമെന്നും വ്യക്തമാക്കി ജനുവരി 30ന് പുതിയ നിയമോപദേശം സര്‍ക്കാരിന് കൈമാറി. തുടര്‍ന്നാണ് രമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി മൂന്നിന് എടച്ചേരി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. വടക്കന്‍ മേഖല എഡിജിപി ശങ്കര്‍ റെഡ്ഡി തലവനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു. തുടര്‍ന്ന് 2014 ഫെബ്രുവരി 21ന് അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാല്‍, കേസ് ഏറ്റെടുക്കാനാവില്ലെന്ന് മാര്‍ച്ച് 14നാണ് സിബിഐ ചെന്നൈ യൂനിറ്റ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്.
സിബിഐ നിലപാട് തിരുത്താന്‍ മാര്‍ച്ച് 21ന് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനസര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, കേന്ദ്രമന്ത്രാലയവും സിബിഐയും പഴയ നിലപാടുതന്നെ തുടരുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് 20016 ഫെബ്രുവരി ഒമ്പതിന് അന്നത്തെ സംസ്ഥാന ആഭ്യന്തരമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിക്കെഴുതിയ കത്തിലും ഇതേ ആവശ്യമുന്നയിച്ചെങ്കിലും അന്വേഷണത്തിന് സിബിഐ തയ്യാറായിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it