ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മുന്‍മന്ത്രിയെ അപമാനിച്ച മാനേജരെ പിരിച്ചുവിടണം

തിരുവനന്തപുരം: ഗുരുവായൂ ര്‍ ക്ഷേത്രത്തില്‍ കുഞ്ഞിന്റെ ചോറൂണിനായി എത്തിയ മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയോട് അപമര്യാദയായി പെരുമാറിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ മാനേജരെ ഉടനെ ജോലിയില്‍ നിന്നും പിരിച്ചു വിടണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദേവസ്വം മന്ത്രി ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാത്തത് സംശയം ഉളവാക്കുന്നു. ഇത് സംബന്ധിച്ച് കേരളത്തിലെ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ മൗനം പാലിക്കുന്നത് വേദനാജനകമാണ്. കേരളത്തിലുടനീളം നടമാടിക്കൊണ്ടിരിക്കുന്ന ആദിവാസി പിഡനങ്ങളുടെയും അതിക്രമങ്ങളുടെയും ജാതി വിവേചനത്തിന്റെയും അവസാനത്തെ ഉദാഹരണമാണിത്. മന്ത്രിയായി അഞ്ചു വര്‍ഷക്കാലം കേരളത്തില്‍ പ്രവര്‍ത്തിച്ച ആദിവാസി സ്ത്രീക്കുണ്ടായ അനുഭവം സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. ഒരു മുന്‍മന്ത്രിക്ക് ഇതാണ് അനുഭവമെങ്കില്‍ സാധാരണക്കാര്‍ക്കും ആദിവാസികള്‍ക്കും നേരെ വലിയ തോതില്‍ അവഗണനയും പീഡനവും നടക്കുന്നുവെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ക്ഷേത്രങ്ങളില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ നിന്നുണ്ടാവുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുന്ന നടപടികളുണ്ടാവണം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജാതീയമായി നിലനില്‍ക്കുന്ന വിവേചനം ക്ഷേത്രങ്ങളിലേക്ക് വ്യാപിക്കുന്നു എന്നതിന്റെ തെളിവാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലേത്. മുന്‍മന്ത്രി പി കെ ജയലക്ഷ്മിക്ക് നേരെ ഉണ്ടായ മോശമായ പെരുമാറ്റം കേരളത്തിന് അപമാനകരമാണെന്നും എംപി പറഞ്ഞു.
Next Story

RELATED STORIES

Share it