ഗുരുദര്‍ശനങ്ങളെ വെള്ളാപ്പള്ളി അധികാരത്തിന്റെ ചവിട്ടുപടിയാക്കുന്നു: എം മുകുന്ദന്‍

കൊല്ലം: ഗുരുദര്‍ശനങ്ങളെ വെള്ളാപ്പള്ളി അധികാരത്തിന്റെ ചവിട്ടുപടിയായി ഉപയോഗിക്കുകയാണെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. കൊല്ലം പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയും മതവുമാണ് ഇന്ന് കേരളം ഭരിക്കുന്നത്. പ്രത്യയശാസ്ത്രം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
പുരസ്‌കാരം തിരിച്ചുനല്‍കാന്‍ തനിക്കും സമ്മര്‍ദ്ദമുണ്ടായിരുന്നു. തനിക്ക് പുരസ്‌കാരം നല്‍കിയത് ബിജെപിയല്ല; സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സാഹിത്യ അക്കാദമിയാണ്. കൂടാതെ പുരസ്‌കാരത്തിനൊപ്പം കിട്ടിയ ഫലകം മാത്രമേ തിരിച്ചുനല്‍കാന്‍ കഴിയു. പ്രശസ്തി തിരിച്ച് നല്‍കാനാവില്ല. അതുകൊണ്ടാണ് താന്‍ പുരസ്‌കാരം തിരികെ നല്‍കാതിരുന്നതെന്നും മുകുന്ദന്‍ പറഞ്ഞു. സാഹിത്യ അക്കാദമിയില്‍നിന്ന് അംഗങ്ങള്‍ രാജിവയ്ക്കുന്നതിന് പകരം അതിനുള്ളില്‍നിന്ന് തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. മുഴുവന്‍ അംഗങ്ങളും രാജിവച്ചാല്‍ അത് സര്‍ക്കാരിന് കൈകടത്താനുള്ള അവസരമൊരുക്കലാവും. ഇവിടുത്തെപ്പോലെ രാഷ്ട്രീയ അവബോധം വടക്കേ ഇന്ത്യയില്‍ ഇല്ലാതിരുന്നതാണ് കൂടുതല്‍ പേര്‍ രാജിവയ്ക്കാതിരിക്കാനുള്ള കാരണം.
എന്നാല്‍, പുരസ്‌കാരം തിരിച്ചുനല്‍കിയും രാജിവച്ചുമുള്ള പ്രതിഷേധം അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്ത്യയില്‍ എഴുത്തുകാര്‍ക്കെതിരേയുള്ള മോശം പെരുമാറ്റം ലോകത്തെ അറിയിക്കുന്നതില്‍ ഈ പ്രതിഷേധങ്ങള്‍ കൊണ്ട് കഴിഞ്ഞു. അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ വലിയ കാര്യങ്ങള്‍ പറഞ്ഞുനടക്കുന്ന മോദിക്ക് ലോകത്തിന് മുന്നില്‍ തല കുനിക്കേണ്ടി വന്നതായും മുകുന്ദന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it