Flash News

ഗുജറാത്ത്: പോള്‍ ചെയ്തതിലേറെ വോട്ട് വോട്ടിങ് യന്ത്രത്തില്‍

അഹ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരേ ഗുരുതര പരാതിയുമായി വോട്ടര്‍മാര്‍. ഗോധ്ര നിയമസഭാ മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ വോട്ടെണ്ണലില്‍ ലഭിച്ചെന്നാണു പരാതി. ആകെ പോള്‍ ചെയ്തത് 1,76,417 വോട്ടുകളാണെന്ന് റിട്ടേണിങ് ഓഫിസര്‍ കൈയൊപ്പോടെ സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാല്‍ അടച്ചു മുദ്ര വച്ച വോട്ട് യന്ത്രം തിങ്കളാഴ്ച തുറന്നു വോട്ടുകള്‍ എണ്ണിയപ്പോള്‍ 1,78,911 വോട്ടുകളാണ് രേഖപ്പെടുത്തിയിരുന്നത്. 2500ഓളം വോട്ടുകളാണ് ഇതില്‍ അധികമായി രേഖപ്പെടുത്തിയത്. ഇതിനെതിരേ വോട്ടര്‍മാര്‍ പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഈ മണ്ഡലത്തില്‍ ബിജെപിയുടെ സി കെ റാവുല്‍ജി കോണ്‍ഗ്രസ്സിലെ രാജേന്ദ്രസിങ് പര്‍മറിനെ കേവലം 258 വോട്ടിനാണ് തോല്‍പ്പിച്ചത്. ഇവിടെ തനിക്കു കുത്തിയ വോട്ടുകള്‍ നോട്ടയില്‍ പോയെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു പരാതിയുണ്ട്.ജിഗ്നേഷ് മേവാനി മല്‍സരിച്ച വഡ്ഗാമിലും മേവാനിക്ക് വോട്ട് വിഴുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്നു മൂന്ന് ബൂത്തുകളില്‍ റീ പോളിങ് നടത്തിയിരുന്നു. നിരവധി മണ്ഡലങ്ങളില്‍ നിന്നു പോള്‍ ചെയ്തതിലും കൂടുതല്‍ വോട്ട് വോട്ട്‌യന്ത്രത്തില്‍ കാണിച്ചതായി പരാതി ഉണ്ടായിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങളില്‍ ബിജെപി കൃത്രിമം കാണിച്ചിട്ടുണ്ടെന്ന പരാതി വ്യാപകമാണ്.
Next Story

RELATED STORIES

Share it