ഗാന്ധിജിയെ തെറ്റായി ഉദ്ധരിച്ച് ട്രംപ് വീണ്ടും വിവാദത്തില്‍

വാഷിങ്ടണ്‍: വിവാദ പരാമര്‍ശങ്ങള്‍ പതിവാക്കിയ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും വിവാദത്തില്‍. മഹാത്മ ഗാന്ധിയെ തെറ്റായി ഉദ്ധരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വാചകമാണ് ഇക്കുറി ട്രംപിനെ വെട്ടിലാക്കിയത്. 'ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും. പിന്നീട് നിങ്ങളെ പരിഹസിച്ചു ചിരിക്കും. പിന്നീട് നിങ്ങളോട് പോരടിക്കും. അപ്പോള്‍ നിങ്ങള്‍ വിജയിക്കും' എന്ന വാചകമാണ് മഹാത്മ ഗാന്ധിയുടേതെന്ന പേരില്‍ ഇദ്ദേഹം പോസ്റ്റ് ചെയ്തത്. എന്നാല്‍, ഗാന്ധിജി ഇത്തരത്തിലുള്ള വാക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് യുഎസ് മാധ്യമങ്ങള്‍ ആരോപിക്കുന്നത്.
അലബാമയിലെ ട്രംപിന്റെ പ്രചാരണത്തിന് എത്തിയ വന്‍ ജനക്കൂട്ടത്തിന്റെ ചിത്രത്തിനോടൊപ്പമാണ് ഗാന്ധിയുടേതെന്ന പേരില്‍ ഈ വാചകങ്ങളും നല്‍കിയത്. പോസ്റ്റിനു പിന്നാലെ ട്രംപ് വിരുദ്ധര്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം തുടങ്ങി. യുഎസിലെ വെബ്‌സൈറ്റുകളും ആക്ഷേപവുമായി എത്തിയിട്ടുണ്ട്. ഈ വാക്യം ഗാന്ധി ഉപയോഗിച്ചതാണെന്നതിന് ഒരു തെളിവുമില്ലെന്നും എന്നാല്‍, അദ്ദേഹത്തിന്റെ പേരില്‍ പ്രചരിക്കുന്നതാണെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സോഷ്യലിസ്റ്റ് നേതാവ് നിക്കൊളാസ് ക്ലെയിന്‍ 1928ല്‍ ട്രേഡ് യൂനിയനെ അഭിസംബോധന ചെയ്യുമ്പോഴാണ് ഈ വാക്കുകള്‍ ഉപയോഗിച്ചതെന്നും പറയുന്നു.
ഇറ്റലിയുടെ ഫാഷിസ്റ്റ് നേതാവ് ബനിറ്റോ മുസ്സോളിനിയുടെ വാക്കുകള്‍ ട്വീറ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം കെട്ടടങ്ങുന്നതിനു പിന്നാലെയാണ് ഗാന്ധിജിയെ തെറ്റിദ്ധരിപ്പിക്കുന്ന രൂപത്തിലുള്ള പോസ്റ്റുമായി ട്രംപ് എത്തിയത്..
Next Story

RELATED STORIES

Share it