ഗവര്‍ണര്‍ ഒപ്പുവയ്ക്കരുതെന്ന് മുസ്്‌ലിം സംഘടനകള്‍

തിരുവനന്തപുരം: കേരളത്തിലെ വഖ്ഫ് സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തിനെതിരേ മുസ്‌ലിം സംഘടനകള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ ഇറക്കാന്‍ പോവുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് അഭ്യര്‍ഥിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് നേതാക്കള്‍ നിവേദനം നല്‍കി. ദേവസ്വം ബോര്‍ഡിലെയും വഖ്ഫ് ബോര്‍ഡിലെയും നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ച മന്ത്രിസഭ അതില്‍നിന്നും ദേവസ്വം ബോര്‍ഡിനെ ഒഴിവാക്കുകയും വഖ്ഫ് ബോര്‍ഡിലെ നിയമങ്ങള്‍ മാത്രം പിഎസ്‌സിക്ക് വിടാന്‍ തീരുമാനിക്കുകയുമായിരുന്നു. ഒരേവിഷയത്തില്‍ കൈക്കൊണ്ട ഇരട്ടനീതിയാണിത്. കേന്ദ്ര വഖ്ഫ് ആക്ട് അനുസരിച്ച് ബോര്‍ഡിലെ നിയമനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. വഖ്ഫ് സ്ഥാപനങ്ങളെ നിയന്ത്രിക്കേണ്ട വഖ്ഫ് ബോര്‍ഡിലേക്ക് തികഞ്ഞ മതബോധമുള്ളവരെ നിയമിക്കുന്നതിനു പകരം നിയമനം പിഎസ്‌സിക്കു വിടുന്നതിലൂടെ വഖ്ഫ് സ്ഥാപനങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ കഴിയാതെ വരുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വഖ്ഫ് ബോര്‍ഡ് മെംബര്‍ എം ഐ ഷാനവാസ് എംപിയുടെ നേതൃത്വത്തില്‍ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി പി പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി, വഖ്ഫ് ബോര്‍ഡ് മെംബര്‍മാരായ എം സി മായിന്‍ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍, സമസ്ത കേരള ഇസ്്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍, മെക്ക പ്രസിഡന്റ് പ്രഫ. അബ്ദുള്‍ റഷീദ് ശ്രീകാര്യം എന്നിവരാണ് നിവേദനം നല്‍കിയത്.
Next Story

RELATED STORIES

Share it