ഗവണ്‍മെന്റ് കരാറുകാര്‍ സമരത്തിലേക്ക്



തിരുവനന്തപുരം: കരാറുകാര്‍ ഉന്നയിക്കുന്ന അടിയന്തര വിഷയങ്ങളില്‍ തീരുമാനങ്ങളുണ്ടാവാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്ന് ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷനും കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷനും സംയുക്ത വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ജിഎസ്ടി അടക്കേണ്ട തുക പൂര്‍ണമായും എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തുക. കരാറുകാര്‍ക്ക് ലഭിക്കുന്ന കുടിശ്ശിക തുക അനുവദിക്കുക. നിര്‍മാണ സാമഗ്രികളുടെ വില ജില്ലാതലത്തില്‍ ഏകീകരിക്കുന്നതിനായി കലക്ടറുടെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിക്കുക. പൊതുമരാമത്ത് മാന്വല്‍ പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക. ചെറുകിട കരാറുകാരെ സംരക്ഷിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മരാമത്തുപണികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുക. വിവിധ റോഡുകളിലെ പണികള്‍ ഒറ്റ ടെന്‍ഡറായി ക്ഷണിക്കാതെ ഓരോ റോഡിലെയും പണികള്‍ പ്രത്യേകമായി ടെന്‍ഡര്‍ ചെയ്യുക. പരിസ്ഥിതി സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ അടഞ്ഞുകിടക്കുന്ന കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കരാറുകാര്‍ സമരരംഗത്തിറങ്ങുന്നത്. 12ന് ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷനും കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷനും സംയുക്തമായി സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തുമെന്ന് ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സണ്ണി ചെന്നിക്കര, കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി നാഗരത്‌നന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it