Flash News

ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിന് വിലക്ക്: ഇളവുമായി കേന്ദ്ര സര്‍ക്കാര്‍

ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിന് വിലക്ക്: ഇളവുമായി കേന്ദ്ര സര്‍ക്കാര്‍
X
ന്യൂഡല്‍ഹി: ടിവി ചാനലുകളില്‍ രാവിലെ ആറിനും രാത്രി പത്തിനും ഇടക്ക് ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിന് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം. ഗര്‍ഭനിരോധന ഉറകളുടെ പരസ്യങ്ങളില്‍ ലൈംഗികതയുടെ അതിപ്രസരമില്ലെങ്കില്‍ നിരോധിത സമയത്തും പരസ്യം കാണിക്കാമെന്ന് കേന്ദ്രവാര്‍ത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി.


പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര നടപടിക്കെതിരെ രാജസ്ഥാന്‍ ഹൈക്കോടതി വിശദീകരണമാവശ്യപ്പെട്ട് കഴിഞ്ഞദിവസം നോട്ടീസ് അയച്ചിരുന്നു. പരസ്യങ്ങള്‍ നിരോധിച്ച കേന്ദ്ര നടപടിക്കെതിരെ രാജസ്ഥാനിലെ ഒരു എന്‍ജിഒ സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതി നടപടി. കേന്ദ്രത്തിന്റെ നടപടി പൊതുതാത്പര്യത്തിനു വിരുദ്ധമാണെന്നും കാപട്യം വെളിവാക്കുന്നതാണെന്നും എന്‍ജിഒ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പരസ്യങ്ങളുടെ നിരോധനത്തിന് കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കിയത്.സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്ന വിധത്തില്‍ ലൈംഗിക പരാമര്‍ശം ഇല്ലാത്തതും തെറ്റായ വിവരങ്ങള്‍ നല്‍കാത്തതും സുരക്ഷിത ലൈംഗികതയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതുമായ പരസ്യങ്ങള്‍ നിരോധിത സമയത്തും ടിവി ചാനലുകളില്‍ പ്രക്ഷേപണം ചെയ്യാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ മാസം പതിനൊന്നിനാണ് പകല്‍ സമയങ്ങളില്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യം വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അശ്ലീലവും അനാവശ്യവുമായ വിവരങ്ങള്‍ കുട്ടികള്‍ കാണുന്നത് ഒഴിവാക്കാനാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നും ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പൂര്‍ണമായും മുതിര്‍ന്നവരെ ഉദ്ദേശിച്ചുള്ളതാണെന്നും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം രാജ്യത്തെ എല്ലാ ചാനലുകള്‍ക്കുമായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇതോടെ രാത്രി പത്തു മുതല്‍ രാവിലെ ആറു വരെയുള്ള എട്ടു മണിക്കൂര്‍ നേരത്തേക്കു മാത്രമാണു ചാനലുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നത്. ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തില്‍ അശ്ലീലം അമിതമാണെന്നു കാട്ടി അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് അവര്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞു. ഇത് പരിഗണിച്ചാണ് കേന്ദ്രം പരസ്യങ്ങള്‍ക്കു നിയന്ത്രിത നിരോധനം ഏര്‍പ്പെടുത്തിയത്.
Next Story

RELATED STORIES

Share it