ഗതാഗത മാര്‍ഗമില്ല; ഒറ്റപ്പെട്ട് ഗവിയിലെ ജനങ്ങള്‍

പത്തനംതിട്ട: പ്രളയത്തിന്റെ ദുരിതക്കയത്തില്‍ നിന്നു നാടും നഗരവും കരകയറാന്‍ ശ്രമം നടത്തുമ്പോള്‍ ഗവിയിലെ ജനങ്ങള്‍ ഇപ്പോഴും പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കഴിയുകയാണ്. ആദിവാസികള്‍ ഉള്‍പ്പെടെ പ്രദേശവാസികളായ 1700ലേറെ ആളുകളാണ് മൂന്നാഴ്ചയായി കൊടുംവനത്തിനുള്ളില്‍ ഒറ്റപ്പെട്ട് കഴിയുന്നത്. പ്രദേശത്ത് വൈദ്യുതിബന്ധമില്ല. ഫോണിന് റേഞ്ചും ലഭ്യമല്ല. രോഗബാധിതരായ ആളുകളെ പുറംലോകത്തെത്തിക്കാനും പ്രദേശവാസികള്‍ ബുദ്ധിമുട്ടുകയാണ്. കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കാരണം കൊടുംവനത്തിലൂടെ ഗവിയിലേക്കുള്ള റോഡുകളെല്ലാം തകര്‍ന്നു. കിഴക്കന്‍ കാട്ടിനുള്ളില്‍ കിലോമീറ്ററുകള്‍ ദൂരത്തിലാണ് റോഡ് കാണാനാവാത്തവിധം മലയിടിഞ്ഞത്. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോയിരുന്ന റോഡ് ചില സ്ഥലങ്ങളില്‍ കാണാനേയില്ല. ഗവിയിലേക്ക് പോവാനുള്ള പ്രധാന പാതകളിലൊന്ന് പത്തനംതിട്ട ജില്ലയിലെ സീതത്തോട് വഴിയാണ്. വന്യജീവികളുടെ ആക്രമണത്തെ അതിജീവിച്ച് സീതത്തോട് നിന്ന് 78 കിലോമീറ്റര്‍ യാത്ര ചെയ്തു വേണം ഗവിയിലെത്താന്‍. എന്നാല്‍, പ്രളയത്തെ തുടര്‍ന്ന് മലയിടിഞ്ഞ് റോഡ് പൂര്‍ണമായും തകര്‍ന്നതോടെ 27 കിലോമീറ്റര്‍ വരെ മാത്രമെ വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ കഴിയൂ. കക്കി ഡാമിനും വാല്‍വ്ഹൗസിനും മധ്യേയുള്ള പ്രദേശത്ത് വന്‍ മലകളാണ് റോഡിലേക്ക് ഇടിഞ്ഞുവീണിട്ടുള്ളത്. ഈ ഭാഗത്ത് റോഡ് പുനര്‍നിര്‍മിക്കാന്‍ മാസങ്ങള്‍ എടുക്കുമെന്ന് അധികൃതര്‍ പറയുന്നു. ഗവിയിലെ ജനങ്ങള്‍ക്ക് പുറംലോകത്തേക്ക് എത്താനുള്ള മറ്റൊരു മാര്‍ഗം ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറാണ്. ഇവിടേക്ക് എത്തിപ്പെടണമെങ്കില്‍ 27 കിലോമീറ്റര്‍ വനപാതയിലൂടെ സഞ്ചരിക്കണം. എന്നാല്‍, ഈ പാതയില്‍ 20 ഇടങ്ങളില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണും പാറകളും ഗതാഗതം തടസ്സപ്പെടുത്തിയിട്ടുണ്ട്. ചെറിയ വാഹനങ്ങള്‍ക്ക് ഇതുവഴി കഷ്ടിച്ച് പോവാമെന്ന് പ്രദേശവാസികള്‍ പറയുന്നു.
Next Story

RELATED STORIES

Share it