Idukki local

ഗതാഗതക്കുരുക്കഴിക്കാന്‍ കുമളിയില്‍ ട്രാഫിക് പോലിസ് എത്തുന്നു

കുമളി: കുമളിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ട്രാഫിക് പോലിസെത്തുന്നു. വിനോദ സഞ്ചാര സീസണിലും മണ്ഡല മകര വിളക്ക് കാലത്തും കേരളാ തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ കുമളിയില്‍ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്.
ശബരിമല സീസണില്‍ ഒരു ദിവസം അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയെത്തുന്ന ആയിരക്കണക്കിന് വാഹനങ്ങളാണ് കുമളി വഴി കടന്നു പോകുന്നത്. ഇതോടൊപ്പം തന്നെ വിനോദ സഞ്ചാരികളേയുമായി എത്തുന്ന വാഹനങ്ങളും കുമളിയിലെ ഓട്ടോ ടാക്‌സി വാഹനങ്ങള്‍ സൃഷ്ടിക്കുന്ന തിരക്കും പ്രശ്‌നങ്ങള്‍ ഇടയാക്കുന്നുണ്ട്.
കുമളിയിലെ തിരക്കൊഴിവാക്കാന്‍ ട്രാഫിക് പോലിസിനെ നിയോഗിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടികള്‍ അഭ്യന്തര വകുപ്പിന്റെ ഭാഗത്തും നിന്നും ഉണ്ടായിട്ടില്ല. എന്നാല്‍ അടുത്തിടെ കുമളി പോലിസ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ട്രാഫിക് പോലിസിനെ നിയമിക്കാന്‍ തീരുമാനമായത്.
കുമളി സിഐയുടെ കീഴില്‍ ഒരു എസ്‌ഐ, മൂന്ന് എഎസ്‌ഐമാര്‍, അഞ്ച് സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാര്‍, വനിതാ പോലിസ് ഉള്‍പ്പെടെയുള്ള 10 സിവില്‍ പോലിസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘത്തെയാണ് കുമളിയിലെ ഗതാഗതം നിയന്ത്രിക്കുന്നതായി നിയോഗിക്കുക.
ഇതോടെ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ പോലിസിന് ഗതാഗതം നിയന്ത്രിക്കാന്‍ കഴിയും. ട്രാഫിക് പോലിസിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്നതിനായി ആനവച്ചാല്‍ ജങ്ഷനിലുള്ള ടൂറിസം പോലിസിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടവും കുമളി പഞ്ചായത്ത് ബസ് സ്റ്റാന്റിലെ വെയിറ്റിങ് ഷെഡിനു മുകളിലുള്ള കെട്ടിടവും പരിഗണനയിലുണ്ട്.
Next Story

RELATED STORIES

Share it