Ramadan Special

ഖുര്‍ആനും റമദാനും

ഖുര്‍ആനും റമദാനും
X


ഈ മഹദ്ഗ്രന്ഥത്തിലൂടെ വാനലോകം മാനവരെ ആദരിച്ച മാസമാണ് അനുഗൃഹീത റമദാന്‍. വര്‍ഷത്തില്‍ എല്ലാ ഋതുക്കളിലും ആ മാസം മാറി മാറി വരും. മാനവരാശിയെ തമസ്സില്‍ നിന്ന് ജ്യോതിസ്സിലേക്ക് നയിച്ച ദിവ്യപ്രകാശത്തിന്റെ അവതരണ വാര്‍ഷികം ആഘോഷിക്കാന്‍. സംഗീതസാന്ദ്രമായി വിശുദ്ധ ഖുര്‍ആന്‍ ദിനരാത്രങ്ങളില്‍ പാരായണം ചെയ്യുന്ന മാസമാണത്. ആത്മസംസ്‌കരണത്തിന്റെ വാര്‍ഷിക പുനപ്പരിശോധനയാണ് വ്രതാനുഷ്ഠാനം. നോമ്പുനോറ്റാല്‍ നാം പരിശോധിക്കുന്നു: സംസ്‌കരണം എത്രമാത്രം വിജയിച്ചു? പോരായ്മകള്‍ എവിടെയെല്ലാം? അവ പരിഹരിക്കാന്‍ എന്തെല്ലാം ചെയ്യേണ്ടതായുണ്ട്?  വികാരം നിയന്ത്രിക്കുന്നതാണ് മനസ്സിനെ ശുദ്ധീകരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം. ഇതോടെ സദ്‌വിചാരവും ആത്മീയചിന്തയും സജീവമാകുന്നു. സംസ്‌കരണ പ്രക്രിയ നിര്‍ബാധം പുരോഗമിക്കുന്നു. റമദാനിലെ ഓരോ പത്തു ദിവസവും ആത്മസംസ്‌കരണത്തിന്റെ ഓരോ ഘട്ടമാണ്. രാവിന്റെ നിശ്ശബ്ദയാമങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ ഈണത്തില്‍ ഹൃദയാവര്‍ജകമായ സ്വരത്തില്‍ പാരായണം ചെയ്ത് നമസ്‌കരിക്കുന്നത് ഈ സംസ്‌കരണ പ്രക്രിയയുടെ പാരമ്യമാണ്. നമസ്‌കാരത്തിന്റെ ധ്യാനനിരതമായ സംസ്‌കരണവും വിശുദ്ധ ഖുര്‍ആന്റെ ആശയഗംഭീരമായ സംസ്‌കരണവും ആത്മീയതയില്‍ ഒത്തുചേരുന്നു.  നമസ്‌കാരത്തില്‍ നിഷ്ഠയുള്ളതോടൊപ്പം  വ്രതാനുഷ്ഠാനത്തില്‍ കൃത്യത പാലിക്കാത്തവരില്‍ സാംസ്‌കാരിക ജീര്‍ണതകള്‍ അടിഞ്ഞുകൂടുന്നു. 'നോമ്പു കൊണ്ട് വിശപ്പും ദാഹവുമല്ലാതെ മറ്റൊന്നും നേടാത്ത എത്രയോ നോമ്പുകാരുണ്ട്'“(നബിവചനം). ഇതിന്റെ വിശദീകരണം മറ്റൊന്നുമല്ല: ബോധപൂര്‍വം അധ്വാനിച്ച് പരിശ്രമിച്ചാലേ ഈ അവസ്ഥ മാറിക്കിട്ടുകയുള്ളൂ. നോമ്പുകാലം ഓരോ യാമവും നിരീക്ഷിക്കണം. മനസാവാചാകര്‍മണാ തിന്മയില്‍ ചെന്നു ചാടരുത്. ഒരു മാസക്കാലം ദൈവത്തിന് അപ്രിയമായത് ചിന്തിക്കാതെയും പറയാതെയും ചെയ്യാതെയും ജീവിക്കുമ്പോള്‍ ധര്‍മനിഷ്ഠ നമ്മുടെ ശീലമായി മാറുന്നു. ഇതില്‍ ആത്മീയാനന്ദം കണ്ടെത്താന്‍ കഴിയുമ്പോള്‍ ജീവിതം പുണ്യപൂര്‍ണമാക്കാന്‍ ദൃഢനിശ്ചയം ചെയ്യുന്നു. തുടര്‍ന്നുള്ള ജീവിതം ധര്‍മനിഷ്ഠയുള്ളതായി സംസ്‌കരിക്കപ്പെടുന്നു. ആത്മസംസ്‌കരണം പൂര്‍ണത പ്രാപിക്കുമ്പോള്‍ വാനലോകത്തുനിന്ന് അഭിവാദ്യങ്ങളുമായി അനുഗ്രഹത്തിന്റെ മാലാഖമാര്‍ ഭൂമിയിലേക്ക് ഇറങ്ങുന്ന പുണ്യരാവാണ് ലൈലത്തുല്‍ ഖദ്ര്‍. ആയിരം മാസങ്ങളേക്കാള്‍ ഉത്തമമായ രാവ്. ആത്മസംസ്‌കരണം സിദ്ധിച്ച ആദം സന്തതികള്‍ മാലാഖമാരുടെ ആശംസകളും പ്രാര്‍ഥനകളും ഏറ്റുവാങ്ങുന്ന മംഗളമുഹൂര്‍ത്തം. മണ്ണിലും വിണ്ണിലും സായൂജ്യം നിറഞ്ഞുനില്‍ക്കുന്ന അസുലഭ സന്ദര്‍ഭം. ഭക്തിനിര്‍ഭരമായ ഹൃദയങ്ങള്‍ക്കു മാത്രമേ ആ സൗഭാഗ്യം ആസ്വദിക്കാനാവൂ. അല്ലാഹുവിനോടുള്ള വിധേയത്വത്തിന്റെ വ്യത്യസ്തമായ ഒരു ഭാവമാണ് വ്രതാനുഷ്ഠാന സമാപനം. നിര്‍ബന്ധമായും ആഹാരം കഴിക്കുന്ന സുദിനം- പെരുന്നാള്‍! മനസ്സില്‍ കൃതാര്‍ഥതയുടെ അലയടിക്കുമ്പോള്‍ കണ്ഠങ്ങളില്‍ നിന്നു തക്ബീര്‍ ധ്വനി വിഹായസ്സിലേക്ക് ഉയരുന്നു.
Next Story

RELATED STORIES

Share it