kasaragod local

ഖാസി കേസ്: തെളിയിക്കാന്‍ വീണ്ടും സിബിഐക്ക് കോടതിയുടെ നിര്‍ദേശം

കൊച്ചി: ചെമ്പരിക്ക-മംഗളൂരു ഖാസിയും സമസ്ത സംസ്ഥാന ഉപാധ്യക്ഷനുമായിരുന്ന സി എം അബ്ദുല്ല മൗലവി ദൂരൂഹ മരണം അന്വേഷിക്കുന്ന സിബിഐയോട് സപ്തംബര്‍ ഒന്നിനകം സമ്പൂര്‍ണവും ശാസ്ത്രീയവുമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.
എറണാകുളം സിജെഎം കോടതിയാണ് സിബിഐ തിരുവനന്തപുരം യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. 2010 ഫെബ്രുവരി 15നാണ് ഖാസിയെ കീഴൂര്‍ ചെമ്പരിക്ക കടുക്കകല്ല് കടലില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ലോക്കല്‍ പോലിസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചകേസ് ഒടുവില്‍ സിബിഐ അന്വേഷിക്കുകയായിരുന്നു.ഗുരുതരമായ കരള്‍ രോഗബാധിതനായ ഖാസി സ്വയം മരിച്ചതാണെന്നാണ് സിബിഐ കണ്ടെത്തിയത്. ഇതു സംബന്ധിച്ച് കോടതിയില്‍ റിപോര്‍ട്ടും നല്‍കിയിരുന്നു.
ഇസ്‌ലാമിക മതപണ്ഡിതനായിരുന്ന പിതാവ് മതചര്യയില്‍ നിന്നു ഒരിക്കലും വ്യതിചലിക്കില്ലെന്നും മരണത്തില്‍ സംശയം ഉണ്ടെന്നും വിശദമായ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഖാസിയുടെ മകന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി സ്വീകരിച്ച കോടതി പുനരന്വേഷണം നടത്തി മെയ് 27നകം ശാസ്ത്രീയറിപോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും സംഘം ചെമ്പരിക്കയിലെത്തി ചിലരില്‍ നിന്നു മൊഴിയെടുക്കുകയും ചെയ്തതൊഴിച്ചാല്‍ മറ്റു നടപടികളൊന്നും കൈക്കൊണ്ടിരുന്നില്ല.
ഇതിനിടയിലാണ് കേസ് കഴിഞ്ഞ ദിവസം വീണ്ടും കോടതി മുമ്പാകെ എത്തിയത്. അതിനിടെ കേസില്‍ ചിലരെ നൂണപരിശോധനയ്ക്ക് വിധേയമായക്കാന്‍ സിബിഐ ശ്രമം ആരംഭിച്ചതായി വിവരമുണ്ട്. ഖാസി ആത്മഹത്യ ചെയ്തുവെന്ന മുന്‍ സിബിഐ റിപോര്‍ട്ടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഖാസിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും ബന്ധുക്കളും പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ നടത്തുന്ന അനിശ്ചിതകാല സമരം രണ്ട്മാസത്തോടടുക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ കോടതി വിധി സിബിഐക്ക് നിര്‍ണായക വെല്ലുവിളിയാകും.
Next Story

RELATED STORIES

Share it