Pravasi

ഖത്തറിലെ അപകട : സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു



ദോഹ: ഖത്തറില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്ത രൂപത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. കെട്ടിടം തകര്‍ന്നു വീണ് 140 പേര്‍ മരിച്ചതായാണ് പ്രചരണം. ചിലര്‍ ക്രെയിന്‍ തകര്‍ന്നു വീണതാണെന്നും മരണം 120 ആണെന്നും പ്രചരിപ്പിക്കുന്നുണ്ട്. വാര്‍ത്തയോടൊപ്പം ഫെയ്‌സ്ബുക്കിലും മറ്റും വരുന്ന ഫോട്ടോയും വീഡിയോയും മുമ്പ് രാജസ്ഥാനില്‍ നടന്ന അപകടത്തിന്റേതാണ്. അല്‍ബണ്ടാരി കമ്പനിയുടെ കെട്ടിട നിര്‍മാണ സ്ഥലത്ത് അപകടം നടന്നതായാണ് ചില പ്രചരണങ്ങള്‍. മരണ സംഖ്യ സംബന്ധിച്ചും വ്യത്യസ്തമായ ഊഹാപോഹങ്ങളാണ് ആളുകള്‍ പോസ്റ്റ് ചെയ്യുന്നത്. അതേ സമയം, ഖത്തറിന്റെ സായുധ സേനയുടെ കെട്ടിട നിര്‍മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചതായാണ് ഔദ്യോഗിക റിപോര്‍ട്ട്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യമറിയിച്ചത്. പ്രതിരോധമന്ത്രാലയം ചൊവ്വാഴ്ച വൈകുന്നേരമാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്ന് ദി പെനിന്‍സുല റിപോര്‍ട്ട് ചെയ്തു. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും അധികൃതര്‍ അറിയിച്ചു.  എല്ലാ കെട്ടിടങ്ങളിലും സൗകര്യങ്ങളിലും ഉന്നതമായ സുരക്ഷാസൗകര്യങ്ങളും ക്രമീകരണങ്ങളുമാണ് ഉറപ്പാക്കുന്നതെന്നും തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ച പരിരക്ഷ ലഭ്യമാക്കുമെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.
Next Story

RELATED STORIES

Share it