Idukki local

കൗമാര കലാമേള ഹൈറേഞ്ചില്‍; കല്ലാര്‍ സ്‌കൂള്‍ ഒരുങ്ങി

നെടുങ്കണ്ടം: കൗമാര കലാമേളയ്ക്കായ് ഹൈറേഞ്ചും കല്ലാര്‍ സ്‌കൂളും ഒരുങ്ങി. നാല്, അഞ്ച്, ആറ്, ഏഴ് തിയ്യതികളില്‍ കല്ലാര്‍ സ്‌കൂളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എ അബൂബക്കര്‍, പ്രിന്‍സിപ്പല്‍ പി വിജയ, പിടിഎ പ്രസിഡന്റ് കെ എം ഷാജി എന്നിവര്‍ പറഞ്ഞു. ഏഴു സബ് ജില്ലകളില്‍ നിന്നായി 4000 കലാ പ്രതിഭകളാണ് കൗമാര മാമാങ്കത്തില്‍ പങ്കെടുക്കുന്നത്. 131 ഇനങ്ങളിലുള്ള മത്സരങ്ങള്‍ക്കായി ഒമ്പത് വേദികള്‍ സജ്ജമാക്കിയിട്ടുണ്ട്. അഞ്ച്, ആറ് തീയതികളിലായി അറബിക്, സംസ്‌കൃതം, തമിഴ് കലോല്‍സവങ്ങള്‍ നടത്തും. കലോല്‍സവത്തിന്റെ സുഗമമായ നടത്തിപ്പിന് 12 സബ് കമ്മിറ്റികളും വിപുലമായ സ്വാഗത സംഘവും പ്രവര്‍ത്തിച്ചുവരുന്നു. കലോല്‍സവം കുറ്റമറ്റതാക്കുവാനുള്ള എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നാലിന് രാവിലെ പത്തിന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി കലോല്‍സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് അധ്യക്ഷത വഹിക്കും.ജോയിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും. അധ്യാപക അവാര്‍ഡ് ജേതാക്കളെ ആദരിക്കല്‍, ലോഗോ പുരസ്‌കാര സമര്‍പ്പണം, സംസ്ഥാന ശാസ്‌ത്രോല്‍സവം ജേതാക്കളെ ആദരിക്കല്‍, ജൂഡോ സംസ്ഥാന സ്വര്‍ണമെഡല്‍ ജേതാവിനെ ആദരിക്കല്‍ എന്നിവ എംഎല്‍എമാരായ പി ജെ ജോസഫ്, റോഷി അഗസ്റ്റിന്‍, ഇ എസ് ബിജിമോള്‍, എസ് രാജേന്ദ്രന്‍ എന്നിവര്‍ നിര്‍വഹിക്കും. കലക്ടര്‍ ജി ആര്‍ ഗോകുല്‍ കലോല്‍സവ സന്ദേശം നല്‍കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് ഉദേ്യാഗസ്ഥര്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഏഴിന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it