palakkad local

ക്ഷേമനിധി പെന്‍ഷന്‍ വര്‍ധന പ്രഖ്യാപനത്തിലൊതുങ്ങി



കഞ്ചിക്കോട്: ക്ഷീരകര്‍ഷകക്ഷേമനിധി പെന്‍ഷനില്‍ നാലുവര്‍ഷത്തിനിടെ 600 രൂപയുടെ വര്‍ധനവുണ്ടായെന്നത് പ്രഖ്യാപനം മാത്രമായി. ലഭിക്കുന്നത് പ്രതിമാസം 500 രൂപ മാത്രം. 2005ല്‍ നിലവില്‍ വന്ന ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് തുടക്കത്തില്‍ പ്രതിമാസം 300 രൂപയാണ് പെന്‍ഷന്‍ നല്‍കിയിരുന്നത്. 2013-ലെ ബജറ്റില്‍ 500 രൂപയാക്കി ഉയര്‍ത്തി. യുഡിഎഫ് സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ പെന്‍ഷന്‍ തുക 750 രൂപയാക്കി. തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷനുകളും 1,000 രൂപയാക്കി വര്‍ധിപ്പിച്ചപ്പോള്‍ ക്ഷീര കര്‍ഷക പെന്‍ഷനും 1000 രൂപയാക്കി.  ഈ ബജറ്റില്‍ പ്രതിമാസ പെന്‍ഷന്‍തുക 1,100 രൂപയാക്കി ഉയര്‍ത്തി. എന്നാല്‍ 2013 മുതല്‍ പലതവണ പെന്‍ഷന്‍ വര്‍ധിപ്പിച്ചെങ്കിലും കര്‍ഷകര്‍ക്ക് ഇപ്പോഴും കിട്ടുന്നത് 500 രൂപമാത്രം.2007ന് മുമ്പ് ക്ഷേമനിധിയില്‍  ചേര്‍ന്നവരില്‍ പത്തു വര്‍ഷം പാലളന്ന് 60 വയസ്സ് തികഞ്ഞവര്‍ക്കും 2007ന് ശേഷം  ക്ഷേമനിധിയില്‍ ചേര്‍ന്നവരില്‍ അംഗമായി 500 ലിറ്ററില്‍ കുറയാതെ അഞ്ചുവര്‍ഷം പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാലളന്ന 60 വയസ്സ്  തികഞ്ഞവര്‍ക്കുമാണ് പെന്‍ഷന്‍ നല്‍കുന്നത്. ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ഇപ്പോള്‍ 68,418 പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. പ്രതിമാസം 500 രൂപവെച്ച് നല്‍കുന്നതിന് പ്രതിമാസം 3.42 കോടിരൂപ വേണം. എന്നാല്‍ ക്ഷേമനിധിയില്‍ അംഗമാകുന്ന ക്ഷീരകര്‍ഷകരുടെ പ്രതിമാസ അംശാദായവും പ്രാഥമിക ക്ഷീരസംഘങ്ങളുടെ പാല്‍സംഭരണവിതരണത്തിന്റെ വിഹിതവും മില്‍മയുടെ വിഹിതവും ചേര്‍ന്ന് ഒരുമാസം രണ്ടുകോടി മാത്രമാണ് ലഭിക്കുന്നത്. പാല്‍ സംഭരണം കുറഞ്ഞതോടെ അംശാദായത്തിലും കുറവുവന്നിട്ടുണ്ട്. ഇതുമൂലം സര്‍ക്കാര്‍ ധനസഹായമില്ലാതെ തനതു ഫണ്ടില്‍ നിന്ന് വര്‍ധിപ്പിച്ച പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ക്ഷേമനിധി ബോര്‍ഡ്. ധനസഹായത്തിനായി സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെയും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് ബോര്‍ഡ് അധികൃതര്‍ പറയുന്നത്.
Next Story

RELATED STORIES

Share it