wayanad local

ക്വാറിക്കെതിരേ ശബ്ദിച്ചതിന് കള്ളക്കേസ്

മാനന്തവാടി: എടവക പഞ്ചായത്തിലെ കല്ലോടിയില്‍ പ്രവര്‍ത്തിച്ചിരുന്ന കരിങ്കല്‍ ക്വാറിക്കെതിരേ പ്രവര്‍ത്തിച്ചയാള്‍ക്കെതിരേ കള്ളക്കേസും ഭീഷണിയും. കല്ലോടി തെക്കുംമറ്റത്തില്‍ ജോസിനെയാണ് ക്വാറിയുടമയും മകനും ചേര്‍ന്ന് നിരന്തരം പീഡിപ്പിക്കുന്നത്.
ഇവര്‍ മാനന്തവാടി പോലിസില്‍ നല്‍കിയ വ്യാജ പരാതിയെ തുടര്‍ന്ന് ജോസിനോട് പ്രാഥമികാന്വേഷണം പോലും നടത്താതെ കഴിഞ്ഞ ദിവസം മാനന്തവാടി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. ക്വാറിയുടമയുടെ ഭൂമിയില്‍ തീവച്ചുവെന്നായിരുന്നു പരാതി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
ജോസ് ഉള്‍പ്പെടെ പത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന കരിങ്കല്‍ ക്വാറി, ഹൈക്കോടതി നിര്‍ദേശ പ്രകാരം ഒന്നര വര്‍ഷം മുമ്പ് അടച്ചുപൂട്ടിയിരുന്നു. ഇതിനുശേഷം നിരവധി തവണ ക്വാറിയുടമയും മകനും ചേര്‍ന്ന് ജോസിനെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
വാഹനമിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനും ക്വാറിയുടമയുടെ മകനെതിരേ പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശപ്രകാരം ക്വാറി സംബന്ധിച്ച പരിശോധനയ്‌ക്കെത്തിയ ഡെപ്യൂട്ടി കലക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ചു വീണ്ടും കൈയേറ്റശ്രമമുണ്ടായി. പോലിസിലുള്ള ക്വാറിയുടമയുടെ ബന്ധുവിന്റെ സഹായത്തോടെയാണത്രേ കഴിഞ്ഞ ദിവസം തോട്ടത്തിന് തീയിട്ടുവെന്ന പേരില്‍ ഇയാള്‍ക്കെതിരേ കേസെടുത്തത്.
സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത തന്റെ ഭാഗം പോലും കേള്‍ക്കാനോ അന്വേഷിക്കാനോ തയ്യാറാവാതെയാണ് മാനന്തവാടി പോലിസ് കേസ് ചാര്‍ജ് ചെയ്തതെന്നാണ് ജോസിന്റെ ആരോപണം. ഇതു സംബന്ധിച്ച് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും ജോസ് അറിയിച്ചു.
Next Story

RELATED STORIES

Share it