ക്രിസ്മസ് ആഘോഷങ്ങളില്ലാതെ കണ്ണീരുമായി തീരദേശം

നിഖില്‍ എസ് ബാലകൃഷ്ണന്‍

കൊച്ചി: ഓഖി ചുഴലിക്കാറ്റ് തീര്‍ത്ത അലയൊലികള്‍ അടങ്ങും മുമ്പു വിരുന്നെത്തിയ ക്രിസ്മസ് മനസ്സറിഞ്ഞ് ആഘോഷിക്കാനാവാതെ തീരദേശം. ഉറ്റവരുടെയും ഉടയവരുടെയും ജീവനുകള്‍ കടലില്‍ പൊലിഞ്ഞു. മല്‍സ്യസമ്പത്ത് തേടിപ്പോയവരില്‍ പലരും വെറുംകൈയുമായി തീരമണഞ്ഞു. നിരവധി ആളുകളെ പറ്റി വിവരമില്ല. ഈ അവസരത്തില്‍ എങ്ങനെ ക്രിസ്മസ് ആഘോഷിക്കുമെന്ന ചോദ്യമാണു തീരദേശവാസികള്‍ ഉന്നയിക്കുന്നത്. മല്‍സ്യമേഖലയില്‍ ഓഖിദുരന്തം സമ്മാനിച്ചതു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ്. ഒരു ബോട്ട് കടലില്‍ മുങ്ങിയപ്പോള്‍ ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്.  ഇത്തരത്തിലുള്ള നഷ്ടങ്ങള്‍ പണം നികത്തും. എന്നാല്‍ നഷ്ടപ്പെട്ട ജീവനുകളുടെ വില എങ്ങനെ നികത്തുമെന്നാണ് ഇവരുടെ ചോദ്യം. സര്‍ക്കാരിന്റെ കണക്കനുസരിച്ചു കൊച്ചി തീരദേശത്തു മാത്രം 120 മല്‍സ്യത്തൊഴിലാളികള്‍ തിരിച്ചെത്താനുണ്ട്. സാധാരണ ക്രിസ്മസ് രാവിനു മുമ്പു മല്‍സ്യത്തൊഴിലാളികള്‍ തീരമണയാറാണു പതിവ്. ഇത്തവണ ആശങ്കയോടെയാണു തീരം ഇവര്‍ക്കായി കാത്തിരിക്കുന്നത്. ക്രിസ്മസിന് ആഴ്ചകള്‍ക്കു മുമ്പ് കടലില്‍ പോയി കൈനിറയെ മല്‍സ്യവുമായെത്തി തിരുപ്പിറവി ആഘോഷമാക്കുന്ന കുടുംബങ്ങളാണു തീരദേശ മേഖലകളില്‍ ഏറെയും. കഴിഞ്ഞ വര്‍ഷമെല്ലാം ആവര്‍ത്തിച്ചുപോന്ന പതിവിന് ഇക്കുറി ഓഖി തടയിട്ടതോടെ തീരം കണ്ണീരിലായി. കഴിഞ്ഞവര്‍ഷമെല്ലാം നക്ഷത്രങ്ങള്‍ തൂക്കുവാനും ക്രിസ്മസ് ആഘോഷമാക്കാനും കൂടെയുണ്ടായിരുന്ന പലരും ഇന്നു കടലില്‍ മറഞ്ഞുകഴിഞ്ഞു. കാത്തിരിപ്പിന്റെ പ്രത്യശയില്‍ കഴിയുന്നവരും ആശങ്ക ഉള്ളിലൊളിപ്പിച്ച് എങ്ങനെ ക്രിസ്മസ് ആഘോഷിക്കുമെന്നു ചോദിക്കുന്നു. ഏറെ ദുരിതങ്ങള്‍ സമ്മാനിച്ച പൂന്തുറ, കൊച്ചി തീരങ്ങളിലെ ഭവനങ്ങളിലൊന്നും നക്ഷത്രങ്ങള്‍ മിന്നിയില്ല. 2006ല്‍ സുനാമി തിരമാലകള്‍ ആഞ്ഞടിച്ചതിന്റെ ഓര്‍മകള്‍ അതിനു ശേഷമുള്ള എല്ലാ ക്രിസ്മസ് കാലത്തും തീരദേശവാസികളുടെ ഉറക്കംകെടുത്താറുണ്ട്. ഓഖിയുടെ ദുരന്തം അകന്നെങ്കിലും സുനാമിയുടെ ആശങ്കകള്‍ എല്ലാവരുടെയും മനസ്സിലുണ്ട്. കൂടാതെ, ഉയര്‍ന്ന തിരമാലകളുണ്ടാവുമെന്ന മുന്നറിയിപ്പും ലഭിച്ചിട്ടുള്ളതിനാല്‍ ഭീതിയോടെയാണ് ഇവര്‍ കഴിയുന്നത്. സാധാരണ ചെല്ലാനം ഭാഗത്തു ഡിസംബര്‍ ഒന്നിനു തന്നെ നക്ഷത്രങ്ങള്‍ എല്ലാ വീടുകളിലും തൂക്കി ക്രിസ്മസിനെ വരവേല്‍ക്കുന്നതാണ്. ഇത്തവണ പക്ഷേ, ക്രിസ്മസിന്റെ അവസാന ദിവസങ്ങളിലാണു നക്ഷത്രങ്ങളും പുല്‍ക്കൂടുമെല്ലാം ഒരുങ്ങിയത്. ഇന്നലെയും വിവിധ സംഘടനകളുടെയും മറ്റും നേതൃത്വത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. പ്രദേശത്തെ ദേവാലയങ്ങളിലൊന്നും തന്നെ കാര്യമായ ക്രിസ്മസ് ആഘോഷങ്ങള്‍ വേണ്ടായെന്നു തീരുമാനമെടുത്തു കഴിഞ്ഞു. മല്‍സ്യത്തൊഴിലാളികളുടെ കുടുംബത്തില്‍ മാത്രമല്ല, തീരദേശമൊന്നാകെ ആഘോഷങ്ങള്‍ക്കു താല്‍ക്കാലികമായി അവധി നല്‍കിയിരിക്കുകയാണ്. ലോകമാകെ ക്രിസ്മസ് ആഘോഷലഹരിയിലേക്കു വഴിമാറുമ്പാള്‍ നഷ്ടപ്പെട്ടവരെയോര്‍ത്ത്, ഇനിയും തീരമണയാത്തവരെ ഓര്‍ത്ത് കണ്ണീരും പ്രാര്‍ഥനയുമായി കഴിയുകയാണു തീരദേശം.
Next Story

RELATED STORIES

Share it