World

ക്രിസ്ത്യന്‍ പള്ളിക്കു നേരെ ആക്രമണം; ഒമ്പത് മരണം

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ആക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താന്‍ പ്രവിശ്യയില്‍ ക്വറ്റയിലെ ക്രിസ്ത്യന്‍ പള്ളിയിലാണ് സ്‌ഫോടനവും വെടിവയ്പുമുണ്ടായത്. 56 പേര്‍ക്കു പരിക്കേറ്റു.   ഞായറാഴ്ചത്തെ പ്രാര്‍ഥനാ ചടങ്ങുകള്‍ തുടങ്ങിയ ഉടന്‍ നാലംഗ സായുധ സംഘം പള്ളിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. പ്രവേശന കവാടത്തിനു സമീപം രണ്ട് ആയുധധാരികളെ പോലിസ് വെടിവച്ചിട്ടെങ്കിലും രണ്ടുപേര്‍  പള്ളിയിലേക്ക് ഓടിക്കയറി. ഇതില്‍ ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയയാള്‍ പൊട്ടിത്തെറിക്കുകയും മറ്റൊരാള്‍ ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതില്‍ ഒരാളെ പിന്നീട് വെടിവച്ചു കൊലപ്പെടുത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണം നടക്കുമ്പോള്‍ പള്ളിയില്‍ 400ഓളം വിശ്വാസികളുണ്ടായിരുന്നുവെന്നു പ്രവിശ്യാ പോലിസ് മേധാവി മൗസ്സാം ജാ അറിയിച്ചു.അതേസമയം, രണ്ട് അക്രമികള്‍ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടതായി മറ്റൊരു പോലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പാകിസ്താനില്‍ സായുധാക്രമണ ഭീഷണി നിലനില്‍ക്കുന്ന മേഖലയാണ് ബലൂചിസ്താന്‍. ആക്രമണത്തെത്തുടര്‍ന്ന് പോലിസ് സമീപ പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കി. ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. 150 കുട്ടികള്‍ കൊല്ലപ്പെട്ട 2014ലെ പെഷാവര്‍ സ്‌കൂള്‍ ആക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തിനു തൊട്ടടുത്ത ദിവസമാണ് ക്രിസ്ത്യന്‍ പള്ളിക്കു നേരെ ഭീകരാക്രമണമുണ്ടാവുന്നത്.
Next Story

RELATED STORIES

Share it