kozhikode local

ക്രഷറിന് പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിച്ചു നല്‍കിയ നടപടി : കൊടിയത്തൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി



മുക്കം: കരിങ്കല്‍ ക്വാറി ഉടമകളുടെ പണക്കൊഴുപ്പിനും സ്വാധീനത്തിനും മുന്നില്‍ ജനകീയാവശ്യം മറന്ന ഭരണാധികാരികള്‍ക്ക് താക്കീതായി കൊടിയത്തൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഉജ്വല ബഹുജന മാര്‍ച്ച്. ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പെട്ട ചേലൂപ്പാറ ഗ്രാനൈറ്റ്‌സിന് ഉയര്‍ന്ന ശേഷിയുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയ പഞ്ചായത്ത് ഭരണസമിതി തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും മാര്‍ച്ചു നടത്തിയത്. കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയുടെ കാലത്ത് എന്‍ഒസി നല്‍കിയ ക്രഷറിന് നിലവിലെ ഭരണ സമിതിയാണ് ശേഷി വര്‍ധിപ്പിച്ച് പ്രവര്‍ത്തനാനുമതി നല്‍കിയത്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് യാതൊരു കാരണവശാലും അനിയന്ത്രിതമായ ക്വാറി പ്രവര്‍ത്തനം അനുവദിക്കില്ലന്ന് നാട്ടുകാര്‍ പറഞ്ഞു. ക്വാറിക്ക് അനുമതി നല്‍കിയ നടപടിക്കെതിരെ കഴിഞ്ഞ ദിവസം വാര്‍ഡ് മെമ്പര്‍ സുജ ടോം ഒറ്റയാള്‍ സമരം നടത്തിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് മാര്‍ച്ചും ധര്‍ണ്ണയും നടന്നത്. മുക്കം മേഖല പരിസ്ഥിതി സമിതി കണ്‍വീനര്‍ എ എസ് ജോസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുജ ടോം അധ്യക്ഷയായി. സി ജെ ആന്റണി, കെ ടി മന്‍സൂര്‍, ജി അജിത്കുമാര്‍, കരീം പഴങ്കല്‍, എസ് എ നാസര്‍, എ എംനൗഷാദ് സംസാരിച്ചു. ബാലകൃഷ്ണന്‍, ജിയോ വെട്ടുകാട്ടില്‍, വില്യം പൗലോസ്, സാബു അരീക്കല്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it