Flash News

ക്യൂബ : നിലപാട് കര്‍ക്കശമാക്കി യുഎസ് ; ഒബാമയുടെ കാലത്തെ കരാറുകള്‍ റദ്ദാക്കുന്നതായി ഡോണള്‍ഡ് ട്രംപ്

ക്യൂബ : നിലപാട് കര്‍ക്കശമാക്കി യുഎസ് ;  ഒബാമയുടെ കാലത്തെ കരാറുകള്‍ റദ്ദാക്കുന്നതായി  ഡോണള്‍ഡ് ട്രംപ്
X


മയാമി: മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ക്യൂബയുമായുണ്ടാക്കിയ കരാറുകള്‍ റദ്ദാക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ നിന്നുള്ളവര്‍ ക്യൂബയിലേക്കു യാത്ര ചെയ്യുന്നതിനും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വാണിജ്യ ഇടപാടുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കും ട്രംപ് ഉത്തരവിട്ടു. എന്നാല്‍, ഒബാമയുടെ കരാറിനെത്തുടര്‍ന്ന് ക്യൂബയില്‍ യുഎസ് എംബസി ആരംഭിച്ചതടക്കമുള്ള ചില നടപടികള്‍ റദ്ദാക്കില്ല. ദീര്‍ഘകാലത്തെ ഉപരോധത്തിനൊടുവില്‍ ഒബാമയുടെ കാലത്ത് 2014ലാണ് യുഎസ് ക്യൂബയുമായുള്ള നയതന്ത്രബന്ധം പുനരാരംഭിച്ചത്. ചരിത്രപരമായ നടപടിയെന്നായിരുന്നു ഒബാമയുടെ കരാര്‍ വിശേഷിപ്പിക്കപ്പെട്ടത്. ഒബാമയുടെ “ഭീകരവും തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലുള്ളതുമായ’ കരാറുകള്‍ റദ്ദാക്കുകയാണെന്ന് ഫ്‌ളോറിഡയിലെ മയാമിയില്‍ ക്യൂബ നയപ്രഖ്യാപന പ്രസംഗത്തില്‍ ട്രംപ് അറിയിച്ചു. ഏകപക്ഷീയമായ കരാറായിരുന്നു ഒബാമയുടേതെന്നും ട്രംപ് ആരോപിച്ചു. ക്യൂബക്കെതിരേ പ്രചാരണം ആരംഭിക്കുമെന്ന് ട്രംപ്  പ്രസംഗത്തില്‍ സൂചന നല്‍കുന്നു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് അടിച്ചമര്‍ത്തലിനെക്കുറിച്ച് നിശ്ശബ്ദരായിരിക്കില്ലെന്നും റൗള്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരേ ശക്തമായ ആക്രമണമുണ്ടാവുമെന്നും ട്രംപ് പറയുന്നു. യുഎസ് ഡോളര്‍ ക്യൂബന്‍ സര്‍ക്കാരിലേക്ക് ഒഴുകിപ്പോവുന്നത് കരാര്‍ പിന്‍വലിച്ചതിലൂടെ അവസാനിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അതെസമയം വ്യവസായികളില്‍ നിന്നും ഭരണകക്ഷി റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില നേതാക്കളില്‍ നിന്നുമുള്ള സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ വാണിജ്യരംഗത്തെ സഹകരണം ഭാഗികമായി യുഎസ് നിലനിര്‍ത്തും. ക്യൂബയുമായുള്ള ചില സാമ്പത്തിക ഇടപാടുകള്‍ റദ്ദാക്കിയാല്‍ യുഎസ് വ്യവസായികള്‍ പ്രതിസന്ധി നേരിടാന്‍ സാധ്യതയുള്ള—തിനാലാണിത്. വ്യോമ-നാവിക ഗതാഗതരംഗത്തുള്ള വാണിജ്യസ്ഥാപനങ്ങള്‍ക്കാവും ഇളവ് ലഭിക്കുക. ഹോസ്പിറ്റാലിറ്റി രംഗത്തുള്ള സ്ഥാപനങ്ങളും ഇളവിന്റെ പരിധിയിലുള്‍പ്പെടുന്നു. ക്യൂബയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ നടപടിയെന്ന നിലയിലാണ് കരാറുകള്‍ പിന്‍വലിക്കുന്നതെന്ന് ട്രംപ് ഭരണകൂടം പ്രതികരിച്ചു. എന്നാല്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കാരണം ക്യൂബയെ മാത്രം മാറ്റിനിര്‍ത്തുന്നതെന്തിനെന്ന് യുഎസിനെതിരേ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it