ക്യാംപ് ഫോളോവര്‍മാര്‍ നാളെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും

തിരുവനന്തപുരം: ഡിജിപി നിര്‍ദേശം നല്‍കിയിട്ടും ജീവനക്കാരെ തിരികെ വിടാന്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറാവാത്തതിനെതിരേ ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കു നാളെ പരാതി നല്‍കും. ക്യാംപിലേക്കു മടങ്ങിപ്പോവണമെന്ന് ആവശ്യപ്പെടുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതായി ജീവനക്കാര്‍ പറയുന്നു. വിവാദം അവസാനിക്കുന്നതു വരെ മാറിനില്‍ക്കാനാണ് ചില ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
പോലിസ് ഉന്നതരുടെ വീടുകളില്‍ ഇനി അടിമപ്പണി ചെയ്യില്ലെന്ന കര്‍ശന നിലപാടെടുത്തിരിക്കുകയാണ് അസോസിയേഷന്‍. വിവാദം കെട്ടടങ്ങുമ്പോള്‍ വീണ്ടും ദാസ്യപ്പണിക്ക് നിര്‍ബന്ധിച്ചാലും വഴങ്ങേണ്ടെന്നാണ് തീരുമാനം. ചട്ടപ്രകാരമുള്ള ജോലിക്കല്ലാതെ ക്യാംപ് ഫോളോവര്‍മാരെ നിയോഗിക്കുന്നതിനെതിരേ മുമ്പും സംഘടന രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭീഷണികള്‍ ഭയന്ന് പലരും ക്യാംപ് ഓഫിസുകള്‍ വിട്ടുപോരാന്‍ തയ്യാറായിരുന്നില്ല.
നാലായിരത്തോളം ക്യാംപ് ഫോളോവര്‍മാരെ ആവശ്യമുള്ളിടത്ത് ആയിരത്തോളം പേരാണ് നിലവിലുള്ളത്. ഇവരില്‍നിന്നാണ് റിട്ടയര്‍ ചെയ്ത ഐപിഎസുകാരുടെ വീടുകളിലടക്കം വീട്ടുവേലയ്ക്ക് നിയോഗിക്കുന്നത്. ബറ്റാലിയന്‍ എഡിജിപിയായിരുന്ന സുദേഷ് കുമാറിന്റെ വീട്ടില്‍ ക്യാംപ് ഫോളോവര്‍മാര്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ പുറത്തായതോടെ ഇവിടെ ജോലി ചെയ്തിരുന്ന നാലുപേരെയും ശനിയാഴ്ച തന്നെ മടക്കി. എന്നാല്‍ ഇപ്പോഴും റിട്ടയര്‍ ചെയ്തവര്‍ ഉള്‍പ്പെടെ മിക്ക പോലിസ് ഓഫിസര്‍മാരുടെ വീടുകളില്‍ നിന്നും ഫോളോവര്‍മാരെ മടക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയിട്ടില്ല. എല്ലാ ജില്ലകളിലും ഓഫിസര്‍മാരുടെ വീടുകളില്‍ ജോലി നോക്കുന്നവരുടെ കണക്ക് അസോസിയേഷന്‍ ശേഖരിക്കുന്നുണ്ട്. ഈ കണക്കുകള്‍സഹിതം പോലിസ് ഉന്നതരുടെ വീടുകളില്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുന്നത്.
Next Story

RELATED STORIES

Share it