malappuram local

കോളറ ഭീഷണി : വൃത്തിഹീനമായ വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു



കുറ്റിപ്പുറം: ടൗണിലേയും പരിസരങ്ങളിലേയും കിണറുകളില്‍ കോളറ രോഗത്തിന് കാരണമാകുന്ന രോഗാണുക്കളെ കണ്ടെത്തിയ സാഹചര്യത്തില്‍ വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന പത്ത് കടകള്‍ ഇന്നലെ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ പോലിസ് സാന്നിധ്യത്തില്‍ അടപ്പിച്ചു.ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകളും ഒരു ബേക്കറിയും രണ്ട് ഹോട്ടലുകളുമാണ് ശുചിത്വപരിശോധന നടത്തി അധികൃതര്‍ അടപ്പിച്ചത്. നേരത്തെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അടക്കമുള്ള ഉന്നതോദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട സ്ഥാപനങ്ങളായിരുന്നു ഇവയെല്ലാം. എന്നാല്‍ ഏതാനും ചില ബങ്കുകള്‍ മാത്രമായിരുന്നു അടച്ചിരുന്നത്. ഇവതന്നെ രണ്ടു ദിവസത്തിനകം തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിയോഗം ഗ്രാമപ്പഞ്ചായത്തിന്റെ ൈലസന്‍സോ ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെ സര്‍ട്ടിഫിക്കറ്റുകളോ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷണ വില്‍പന കേന്ദ്രങ്ങള്‍ അടപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ സ്ഥാപനങ്ങള്‍ അടപ്പിച്ചത്.കടകളടപ്പിക്കാന്‍ ഉദ്യോഗസ്ഥരെത്തിയ വിവരമറിഞ്ഞ് കച്ചവടക്കാര്‍ സംഘടിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പോലിസിന്റെ ശക്തമായ സാന്നിധ്യംകണ്ട് അവര്‍ പിന്‍വാങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെ കോളറ ബാധിച്ച് മൂന്നുപേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ രോഗബാധയേറ്റ് ചികില്‍സ തേടുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it