wayanad local

കോളനിയില്‍ പ്രത്യേക ട്യൂഷന്‍ സൗകര്യം ഒരുക്കുന്നു

നീര്‍വാരം: നീര്‍വാരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ സാധിക്കാതെ വന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സേ പരീക്ഷ എഴുതുന്നതിനാവശ്യമായ സൗകര്യം ഒരുക്കണമെന്ന് എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, എകെഎസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഒ ആര്‍ കേളു എന്നിവര്‍ ആവശ്യപ്പെട്ടു. കോളനിയില്‍ ഇതിനായി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്‍കും. അമ്മാനി പാറവയല്‍ കോളനിയിലെത്തി വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച ശേഷമാണ് എംഎല്‍എമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് ഏറെ ശ്രദ്ധയാണ് സര്‍ക്കാര്‍ നല്‍കുന്നത്.
ഈ സാഹചര്യത്തില്‍ ഇത്തരമൊരു സംഭവം പാടില്ലാത്തതായിരുന്നു. മുഴുവന്‍ കുട്ടികളെയും മികച്ച വിദ്യാഭ്യാസം നല്‍കുകയും മികച്ച ഫലമുണ്ടാക്കുകയും വേണം. ഇതിനായി നിരവധി പദ്ധതികളും നടത്തുന്നുണ്ട്. കൊഴിഞ്ഞുപോക്ക് ഇല്ലതാക്കി വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നീര്‍വാരം സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ സാധിക്കാത്ത മൂന്നു വിദ്യാര്‍ഥികള്‍ക്കും സേ പരീക്ഷയില്‍ അവസരം നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടതായും എംഎല്‍എമാര്‍ അറിയിച്ചു.
പരീക്ഷയെഴുതാനാവാത്ത സാഹചര്യം പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം. സേ പരീക്ഷ ലക്ഷ്യമാക്കി പഠനം തുടരാനാവശ്യമായ ക്രമീകരണങ്ങളും എംഎല്‍എമാര്‍ ഒരുക്കി. എകെഎസ് പ്രവര്‍ത്തകരും മറ്റും ഇതിനായി നേതൃത്വം നല്‍കുമെന്ന് ഒ ആര്‍ കേളു എംഎല്‍എ, ഇ എ ശങ്കരന്‍ എന്നിവര്‍  അറിയിച്ചു. സീതാ ബാലന്‍, കുര്യാച്ചന്‍, രാമചന്ദ്രന്‍ എന്നിവരും കോളനി സന്ദര്‍ശിച്ചു. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു. മൂന്നിനുള്ളില്‍ വിശദമായ റിപോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ മറ്റ് ചില സ്ഥാപനങ്ങൡലും സമാനസംഭവം നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതും അന്വേഷിക്കണം- കലക്ടര്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it