കോര്‍പറേറ്റുകള്‍ക്ക് ഇളവ്; സാധാരണക്കാര്‍ക്ക് വാഗ്ദാനം

ന്യൂഡല്‍ഹി: കോര്‍പറേറ്റ് കമ്പനികള്‍ക്ക് നികുതിയില്‍ വന്‍ ആനുകൂല്യങ്ങളും കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കും വന്‍ വാഗ്ദാനങ്ങളും നല്‍കുന്നതാണ് മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ്. പെട്രോളിന്റെയും ഹൈസ്പീഡ് ഡീസലിന്റെയും കസ്റ്റംസ് ഡ്യൂട്ടിയിലും രണ്ടു രൂപയുടെ കുറവ് വരുത്തിയെങ്കിലും ലിറ്ററിന് ആറു രൂപയുണ്ടായിരുന്ന സെസ് എട്ടു രൂപയായി വര്‍ധിപ്പിച്ചു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ കുറഞ്ഞ താങ്ങുവില ഉല്‍പാദനച്ചെലവിന്റെ ഒന്നര ഇരട്ടി വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനമല്ലാതെ അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. വിദ്യാഭ്യാസ-ആരോഗ്യമേഖലയില്‍ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തത്തില്‍ കൈകടത്തി സെസ് വര്‍ധിപ്പിച്ചു. കോര്‍പറേറ്റുകളെയും പ്രീണിപ്പിക്കുന്ന ബജറ്റില്‍ 250 കോടി രൂപ വരെ വരുമാനമുള്ള കമ്പനികളുടെ കോര്‍പറേറ്റ് നികുതി കുറച്ചു. എന്നാല്‍, കുറഞ്ഞ വരുമാനക്കാരായ സാധാരണക്കാരെ സഹായിക്കുന്നതിനായി ആദായനികുതി ഘടനയില്‍ മാറ്റം വരുത്തിയിട്ടുമില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കൂടാതെ എട്ട് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി  അവതരിപ്പിച്ചത്. ചരക്കു സേവന നികുതി നിലവില്‍ വന്ന ശേഷമുള്ള ആദ്യ ബജറ്റില്‍ കോര്‍പറേറ്റുകളെ പരമാവധി സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. 250 കോടി വരെ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ 25 ശതമാനം നികുതി നല്‍കിയാല്‍ മതിയാവും. കഴിഞ്ഞ തവണ ഇത് 30 ശതമാനമായിരുന്നു. കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കിയിരിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം എന്ന ആശയമാണ് ബജറ്റില്‍ പൊതുവേ നിഴലിച്ചത്. മൂന്നു പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ സംയോജിപ്പിച്ച് ഒറ്റ കമ്പനിയാക്കും. ഇത് ഇന്‍ഷുറന്‍സ് മേഖലയുടെ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിനു വഴിവയ്ക്കും.
Next Story

RELATED STORIES

Share it