Pathanamthitta local

കോന്നിയില്‍ 10 വയസ്സുകാരന്റെ കാലില്‍ തറച്ച കുപ്പിച്ചില്ല് നീക്കാതെ തുന്നിക്കെട്ടി



കോന്നി: പത്ത് വയസുകാരന്റെ കാലില്‍ തറച്ച കുപ്പിച്ചില്ല് നീക്കം ചെയ്യാതെ ഡോക്ടര്‍ തുന്നിക്കെട്ടി. കോന്നി മുരിംഗമംഗലം കച്ചാനത്ത് മുരുപ്പേല്‍ രഘുവിന്റെയും ഓമനയുടെയും മകന്‍ അഖിലിനാണ് ഡോക്ടറുടെ അനാസ്ഥ മൂലം രണ്ട് മാസത്തോളം വേദന അനുഭവിക്കേണ്ടി വന്നത്. ഈ വര്‍ഷം ഏപ്രില്‍ മാസം 10ന് സമീപത്തെ പുരയിടത്തില്‍ നിന്നും കാലില്‍ കപ്പിച്ചില്ല് തറച്ചതിനെ തുടര്‍ന്ന് അഖിലിനെ മാതാവ് ഓമന കോന്നി താലൂക്ക് ആശുപത്രിയിലെത്തിട്ടു.എന്നാല്‍ ഇവര്‍ സംശയം അറിയിച്ചിട്ടും ഡ്യൂട്ടി ഡോക്ടര്‍ ചില്ല് കാലില്‍ തറച്ചിരിപ്പുണ്ടോ എന്ന് പരിശോധിക്കാതെ മുറിവ് തുന്നിക്കെട്ടുകയായിരുന്നു.  എന്നാല്‍ കുട്ടിയുടെ കാലിന്റെ വേദനക്ക് ശമനമുണ്ടായില്ല. കുട്ടിയെ സ്വകാര്യ ആശുപത്രിയയില്‍ കൊണ്ടുപോകാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മാതാപിതാക്കള്‍ക്ക് സാധിക്കുമായിരുന്നില്ല. കാലിന്റെ വേദനക്ക് ശമനമില്ലാത്തതിനാല്‍ അഖിലിനെ പല തവണ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ഡോക്ടറെ കാണിച്ചെങ്കിലും ഡോക്ടര്‍ കാര്യമായ പരിശോധന നടത്താതെ മടക്കിയയക്കുകയായിരുന്നു.  മുറിവ് ഉണങ്ങിയിട്ടും അസഹ്യമായ വേദനയും കാരണം കുട്ടിയുടെ കാല് നിലത്ത് കുത്താന്‍ കഴിയാതെ വന്നതോടെ മാതാപിതാക്കള്‍ എക്‌സ് റേ എടുത്ത് പരിശോധിച്ചപ്പോഴാണ് രണ്ട് ചില്ലുകഷണങ്ങള്‍ അസ്തിയില്‍ തറച്ച് ഇരിക്കുന്നത് കണ്ടെത്തിയത്, തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയിലൂടെ ചില്ല് കഷണങ്ങള്‍ നീക്കം ചെയ്തു. കോന്നി സര്‍ക്കാരാശുപത്രിയിലെ ഡോക്ടറുടെ ക്രൂരമായ അനാസ്ഥ മൂലം രണ്ട് മാസത്തോളം തീവ്ര വേദന അനുഭവിക്കേണ്ടി വന്ന അഖിലിന്റെ  പഠനവും താത്ക്കാലികമായി മുടങ്ങിയ അവസ്ഥയിലാണ്. കുട്ടിയുടെ മാതാപിതാക്കള്‍ ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കി.
Next Story

RELATED STORIES

Share it